പട്ടാന്പി: ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളെ കബളിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. പാലക്കാട് കുഴൽമന്ദം സ്വദേശി കളത്തിൽ മുഹമ്മദ് നസീറി(40)നെ യാണ് പട്ടാന്പി സിഐ പി.എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റുചെയ്ത്.
ആദർശ്, ബാബുരാജ് തുടങ്ങിയ പേരുകളിലാണ് ഇയാൾ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. ഷിപ്പിൽ ക്യാപ്റ്റൻ ആണെന്നും കോടീശ്വരനാണെന്നും, കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ തനിക്കു വൻ സ്വാധീനം ഉണ്ടെന്നും സ്ത്രീകളെ പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്നു പോലീസ് പറഞ്ഞു.
സാന്പത്തിക ഭദ്രതയുളള വീടുകളിലെ വിദ്യാസന്പന്നരായ സ്ത്രീകളെയാണ് ഇയാൾ ഇത്തരത്തിൽ തട്ടിപ്പിന് ഉപയോഗിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. ചില സ്ത്രീകളെ വിവാഹാഭ്യർത്ഥന നടത്തിയും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്.
കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിനും, പീഡനത്തിനും ഇരയായിട്ടുണ്ടോ എന്നു പോലീസ് അന്വേഷിച്ചുവരികയാണെന്നു സിഐ പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ കൃഷ്ണൻകുട്ടി, സത്യൻ, സിപിഒ ബിജു, ഉണ്ണികൃഷണൻ എന്നിവരും ഉണ്ടായിരുന്നു.