നിരന്തരമുള്ള മെസേജുകൾ, തലങ്ങും വിലങ്ങും വീഡിയോ കോൾ അടക്കമുള്ള വിളികൾ, ഗ്രൂപ്പുകളുടെ ശല്യമാണെങ്കിൽ പറയുകയുംവേണ്ട… വാട്ട്സ്ആപ്പ് വേണ്ടെന്നുവയ്ക്കാൻ വേറെ കാരണങ്ങളൊന്നും ആവശ്യമില്ല. നൂറുകോടി ആളുകൾ ഉപയോഗിക്കുന്നുണ്ടെന്നു കരുതി നമുക്ക് വാട്ട്സ്ആപ്പ് വേണ്ടെന്നുവയ്ക്കാൻ പാടില്ല എന്നൊന്നുമില്ലല്ലോ. അത് നമ്മുടെ ഇഷ്ടമാണ്. ടെക്സ്റ്റ്, വീഡിയോ, ഓഡിയോ ക്ലിപ്പുകൾ ഒന്നും ആർക്കും അയയ്ക്കാനില്ല, നമുക്ക് ആരും അയയ്ക്കുകയും വേണ്ട എന്നു തീരുമാനിച്ചാൽ വാട്ട്സ്ആപ്പ് ഡിലീറ്റ് ചെയ്യാം. ചിലപ്പോൾ വലിയൊരു തലവേദയാകും അതിലൂടെ ഒഴിയുന്നത്. ഇതിനൊക്കെവേണ്ടി ചെലവഴിച്ചിരുന്ന സമയം സൃഷ്ടിപരമായ മറ്റെന്തെങ്കിലും കാര്യത്തിനു മാറ്റിവയ്ക്കുകയുമാവാം.
എങ്ങനെയാണ് ഈ പൊല്ലാപ്പ് ഒഴിവാക്കുക? അണ്‍ഇൻസ്റ്റാൾ ചെയ്യുക എന്നതാവും ആദ്യത്തെ മറുപടി. എന്നാൽ അതുകൊണ്ടായില്ല. നിങ്ങളുടെ ഫോണിൽനിന്ന് വാട്ട്സ്ആപ്പ് ഐക്കണ്‍ ഒഴിവാകുന്നേയുള്ളൂ അതിലൂടെ. നിങ്ങളുടെ എല്ലാ മെസേജുകളും വാട്ട്സ്ആപ്പിന്റെ സെർവറുകളിലുണ്ടാകും. എപ്പോഴെങ്കിലും ആപ്ലിക്കേഷൻ വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ അതെല്ലാം വീണ്ടും പറന്നെത്തുകയും ചെയ്യും. മുന്‍പുണ്ടായിരുന്ന എല്ലാ ഗ്രൂപ്പുകളിലും നിങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടും. അയ്യോ, എവിടെയായിരുന്നു, എന്തുപറ്റി എന്നുള്ള മെസേജുകളുടെ പ്രളയമാകും പിന്നെ.
വാട്ട്സ്ആപ്പ് മുഴുവനോടെ ഡിലീറ്റ് ചെയ്യുക എന്നതുമാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി. അതെങ്ങനെ എന്നുനോക്കാം.
സെറ്റിംഗ്സിലേക്കു പോകുക. അക്കൗണ്ട് എന്ന മെനുവിൽ തൊടുക. അടുത്തതായി ഡിലീറ്റ് മൈ അക്കൗണ്ട് തെരഞ്ഞെടുക്കുക. അപ്പോൾ വാട്ട്സ്ആപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള ഫോണ്‍ നന്പർ ആവശ്യപ്പെടും. നന്പർ എന്റർ ചെയ്തശേഷം ചുവന്ന പശ്ചാത്തലത്തിൽനിന്ന് ഡിലീറ്റ് മൈ അക്കൗണ്ട് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ റീജണ്‍, വാട്ട്സ്ആപ്പ് ക്വിറ്റ് ചെയ്യാനുള്ള കാരണം എന്നീ ചോദ്യങ്ങൾ വന്നേക്കാം. എന്നാൽ ഇതിനൊന്നും ഉത്തരം കൊടുക്കണമെന്നു നിർബന്ധമില്ല. ഡിലീറ്റ് മൈ അക്കൗണ്ട് അമർത്തിയാൽ ഡണ്‍ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ക്ലോസ്!
ഇനി വാട്ട്സ്ആപ്പ് വേണമെന്നു തോന്നിയാൽ പുതിയ അക്കൗണ്ട് ഉണ്ടാക്കിയെടുക്കുകയേ നിവൃത്തിയുള്ളൂ.
ഏതാണ്ട് ഇതുതന്നെയാണ് ഫേസ്ബുക്കിന്റെ കാര്യവും. കൂട്ടുകാരുമായി വിവരങ്ങൾ കൈമാറാനും ചർച്ചകൾക്കുമെല്ലാം വലിയ ഉപകാരമാണ് ഇതെങ്കിലും നഷ്ടപ്പെടുന്ന സമയത്തിന് കൈയും കണക്കുമില്ല. തുടരെത്തുടരെയുള്ള നോട്ടിഫിക്കേഷൻ അലർട്ടുകൾ, പരസ്യങ്ങൾ, അനാവശ്യ കമന്റുകൾ, ഫേക് ഐഡികൾ തുടങ്ങി ഫേസ്ബുക്ക് ഉണ്ടാക്കുന്ന തലവേദനകളും കുറവല്ല. ഫേസ്ബുക്കിന് അഡിക്ട് ആയിപ്പോയാൽ ഉണ്ടാകുന്ന പ്രശ്നങ്ങളും നിരവധി.
ഈ അഡിക്ഷൻ എന്നു പറഞ്ഞത് തമാശയല്ല. എപ്പോഴും ഫേസ്ബുക്ക് നോക്കണം എന്ന ചിന്തയുള്ളവരുടെ തലച്ചോറിൽ ഡ്രഗ് അഡിക്്ടുകളിലേതിനു സമാനമായ ബ്രെയിൻ പാറ്റേണുകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് പുലിവാലാണല്ലോ എന്ന് എപ്പോഴെങ്കിലും തോന്നിയാൽ ആ നിമിഷം തട്ടിക്കളയണം. അക്കൗണ്ട് ഡിആക്്ടിവേറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആവാം.
ഡിആക്്ടിവേഷൻ എന്നത് നിങ്ങളുടെ വിവരങ്ങൾ മറ്റുള്ളവരിൽനിന്ന് തൽക്കാലത്തേക്ക് മറച്ചുവയ്ക്കുക എന്നതാണ്. എന്നാൽ ഇതുവരെ നിങ്ങൾ ഫേസ്ബുക്കിൽ ചേർത്ത എല്ലാ വിവരങ്ങളും ടെക്സ്റ്റും ചിത്രങ്ങളും എല്ലാം അടക്കം ഫേസ്ബുക്കിന്റെ സെർവറിലുണ്ടാകും. അക്കൗണ്ടിലേക്ക് അടുത്തതവണ ലോഗ് ഇൻ ചെയ്യുന്നതുവരെ മാത്രമേ ഡിആക്്ടിവേഷൻ നിലനിൽക്കൂ.
എന്നാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ ഫേസ്ബുക്ക് വിവരങ്ങളും ഒഴിവാക്കപ്പെടും. ഡിലീറ്റ് ചെയ്താൽ രണ്ടാമത് ആക്്ടിവേറ്റ് ചെയ്യാനും കഴിയില്ല.
ഡിലീറ്റ് ചെയ്യുന്നതിനു മുന്‍പ് ആവശ്യമെങ്കിൽ നിങ്ങളുടെ ഫേസ്ബുക്ക് ഡാറ്റയുടെ കോപ്പി എടുത്തു സൂക്ഷിക്കാനാവും. അതിനുള്ള വഴി ഇങ്ങനെയാണ്:
ഫേസ്ബുക്ക് അക്കൗണ്ടിൽ സെറ്റിംഗ്സിൽ പോയി ജനറൽ അക്കൗണ്ട് സെറ്റിംഗ്സ് എടുക്കുക. അതിൽനിന്ന് ഡൗണ്‍ലോഡ് എ കോപ്പി ഓഫ് യുവർ ഫേസ്ബുക്ക് ഡാറ്റ സെലക്്ട് ചെയ്ത് സ്റ്റാർട്ട് മൈ ആർക്കൈവ് എടുക്കുക.
ഡൗണ്‍ലോഡ് ചെയ്യണമെന്നത് ഉറപ്പിക്കാനായി ഫേസ്ബുക്ക് പാസ്വേഡ് ആവശ്യപ്പെടും. അതുകൂടി നൽകി കണ്‍ഫേം ചെയ്താൽ ഫേസ്ബുക്ക് വിവരങ്ങളുടെ കോപ്പി നേരെ ഇമെയിലിലേക്ക് എത്തും.
ഇനി ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ എന്നു നോക്കാം. അതിനായി https://www.facebook.com/help/delete_accout എന്ന ലിങ്കിൽ പോയി ഡിലീറ്റ് മൈ അക്കൗണ്ട് ക്ലിക്ക് ചെയ്യണം. കണ്‍ഫർമേഷനായി പാസ്വേഡും കാച്ച് കോഡും ആവശ്യപ്പെടും.
നിങ്ങൾ അപ്ലോഡ് ചെയ്ത ഫോട്ടോകൾ, സ്റ്റാറ്റസ് അപ്ഡേറ്റുകൾ, മറ്റു വിവരങ്ങൾ എന്നിവ പൂർണമായി നീക്കംചെയ്യപ്പെടാൻ 90 ദിവസം വരെ എടുക്കുമെന്ന് ഫേസ്ബുക്ക് പറയുന്നു. ഇങ്ങനെ ഡിലീറ്റ് ചെയ്യപ്പെടുന്ന വേളയിൽ ആ വിവരങ്ങൾ ആർക്കും ലഭ്യമാകുകയുമില്ല.
എന്താ, ഇതു രണ്ടും ഡിലീറ്റ് ചെയ്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ തോന്നുന്നുണ്ടോ?
വി.ആർ.