പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇടയ്ക്കിടയ്ക്ക് ആളുകളെ ഞെട്ടിക്കുന്നത് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ ഹോബിയാണ്. സോഷ്യല്‍മീഡിയ രംഗത്ത് നിലനിര്‍ത്തിയിരുന്ന കുത്തക മറ്റ് ചില ആപ്പുകളുടെ വരവോടെ നഷ്ടമായ സാഹചര്യത്തില്‍ ആളുകളെ ആകര്‍ഷിക്കാന്‍ പുതിയ ഫീച്ചറുമായി സുക്കറണ്ണന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. എപ്പോഴും ആളുകള്‍ക്കിടയില്‍ വന്‍ പ്രചാരമുള്ള ഡേറ്റിംഗ് ആപ്പുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ എത്തിക്കാന്‍ ഫേസ്ബുക്ക് ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ എഫ്8 കോണ്‍ഫ്രന്‍സില്‍ ഫേസ്ബുക്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനവും നടത്തി. എന്നാല്‍ കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല.
എന്നാല്‍ ഇപ്പോള്‍ പുതിയ പ്രഖ്യാപനവുമായി സുക്കറണ്ണനും ഫേസ്ബുക്കും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ ഡെസ്‌ക്ടോപ്പ് പതിപ്പ് വലിയ തോതില്‍ മാറ്റും എന്നാണ് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ അതില്‍ വലിയൊരു ഫീച്ചറായി സീക്രട്ട് ക്രഷസ് എത്തുമെന്നാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. നേരത്തെ തന്നെ ജനപ്രീതി നേടിയിട്ടുള്ള ഓണ്‍ലൈന്‍ ഡേറ്റിങ് സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ഫേസ്ബുക്കും ആലോചിക്കുന്നത്.
ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് വഴിയുള്ള ഡേറ്റിംഗ് വിജയിക്കുമെന്നു തന്നെയാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് കരുതുന്നത്. ഫ്രണ്ട്‌സ് ലിസ്റ്റില്‍ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന് സീക്രട്ട് ക്രഷിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. 18 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് ഡേറ്റിംഗ് സേവനം ലഭിക്കുക. ഇത് തികച്ചും സൗജന്യമായിരിക്കുമെന്നും പരസ്യങ്ങളുടെ ശല്യമുണ്ടാവില്ലെന്നുമാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്.
ഇതോടൊപ്പം പണം നല്‍കിയാല്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്ന സീക്രട്ട് ക്രഷും പതിപ്പും ഫേസ്ബുക്ക് തുടങ്ങിയേക്കും.ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് ഒന്‍പത് പേരെയാണ് സീക്രട്ട് ക്രഷായി തിരഞ്ഞെടുക്കാന്‍ അവസരം. ഫ്രണ്ട് ലിസ്റ്റിലെ ഒരാളെ സീക്രട്ട് ക്രഷായി തിരഞ്ഞെടുക്കുമ്പോള്‍ ആ വ്യക്തിക്കും ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ അയക്കും. പ്രണയം നേരിട്ട് പറയാന്‍ മടിക്കുന്നവര്‍ക്ക് അക്കാര്യം മറ്റൊരു വഴിക്ക് അറിയിക്കാനുള്ള സൗകര്യമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്. ടിന്‍ഡര്‍ പോലുള്ള ഡേറ്റിംഗ് വെബ്‌സൈറ്റുകളുടെ രീതിയാണ് ഫെയ്‌സ്ബുക്കിന്റെ സീക്രട്ട് ക്രഷും അവലംബിക്കുക എന്നാണ് സൂചന. എന്തായാലും പുതിയ ഫീച്ചര്‍ വരുന്നതോടെ ഫേസ്ബുക്കില്‍ കമിതാക്കളുടെ വിളയാട്ടമാവും കാണാന്‍ പോകുന്നത്.