ചെന്നൈ: അച്ഛന്റെ കാർ അടിച്ചുമാറ്റാൻ ഫേസ്ബുക്ക് സുഹൃത്തിന്റെ സഹായം തേടി യുവതി. തമിഴ്നാട് കോടന്പാക്കം സ്വദേശിയായ വ്യവസായിയുടെ മകളാണ് കാർ അടിച്ചുമാറ്റാൻ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പി.ചന്ദ്രു എന്ന ആൾക്ക് ക്വട്ടേഷൻ നൽകിയത്. ഇയാൾ കാർ മോഷ്ടിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രു പിടിയിലാകുന്നതും മോഷണത്തിൽ മകളുടെ പങ്ക് വെളിപ്പെടുന്നതും.
കഴിഞ്ഞയാഴ്ചയാണ് വ്യവസായിയായ ഷണ്മുഖരാജന്റെ സൈലോ കാർ മോഷണം പോകുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാസർപാഡിയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കാർ കണ്ടെത്തി. തുടർന്ന് ചന്ദ്രു അറസ്റ്റിലാകുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ വ്യവസായിയുടെ മകളുടെ പങ്ക് വെളിപ്പെടുത്തുകയും ചെയ്തു.
ഒരു മാസം മുന്പാണ് ചന്ദ്രുവും യുവതിയും ഫേസ്ബുക്കിൽ പരിചയപ്പെടുന്നത്. പിന്നീട് പോക്കറ്റ് മണിക്കു വേണ്ടി യുവതി ചന്ദ്രുവിന് അച്ഛന്റെ കാർ മോഷ്ടിക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ഇതിനായി കാറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കി നൽകുകയും ചെയ്തു. എന്നാൽ മോഷ്ടിച്ച കാർ വിൽക്കാൻ കഴിയുന്നതിനു മുന്പ് ചന്ദ്രു പോലീസിന്റെ പിടിയിലാകുകയായിരുന്നു. യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.