ചേർത്തല: മാധ്യമപ്രവർത്തകയ്ക്കെതിരെ ഫേസ്ബുക്കിൽ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ ആക്ടിവിസ്റ്റ് ലിബിക്കും കൂട്ടാളികൾക്കും എതിരെ ചേർത്തല പോലീസ് കേസെടുത്തു. ജന്മഭൂമി ലേഖിക ഡിവൈഎസ്പിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
കടക്കരപ്പള്ളി പഞ്ചായത്ത് 12 ാം വാർഡിൽ ചിങ്കുതറ സെബാസ്റ്റ്യന്റെ മകൾ ലിബി, സുഹൃത്തുക്കളായ വി. ഹരീഷ്കുമാർ, വിനീത് സുകുമാരൻ, ജയപ്രകാശ് എന്നിവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഫോട്ടോ ദുരുപയോഗം ചെയ്തതിനും ബോധപൂർവം അപമാനിച്ചതിനുമാണ് കേസ്.
സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമലയിൽ പോയ ലിബിയുടെ വീട്ടിലെത്തി വാർത്ത നൽകിയതിന്റെ പേരിലാണ് മാധ്യമപ്രവർത്തകയെ അപകീർത്തിപ്പെടുത്തി ലിബി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ഇവരുടെ ഫോട്ടോ ഉൾപ്പെടെയാണ് ലിബിയുടെ പോസ്റ്റ്.
മറ്റൊരു മാധ്യമത്തിന്റെ പേരിൽ വീട്ടിലെത്തിയ റിപ്പോർട്ടർ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും ലിബിയുടെ വീഡിയോ നിർമിച്ച് യൂട്യൂബിൽ പ്രചരിപ്പിച്ചു എന്നുമാണ് പോസ്റ്റ്. ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റുകൾ പോസ്റ്റുചെയ്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്്.