തിരുവനന്തപുരം: സോഷ്യൽ മീഡിയയായ ഫെയ്സ്ബുക്കിലൂടെ ഹണിട്രാപ്പ് നടത്തി പണം തട്ടുന്ന സംഘത്തെ പിടികൂടാൻ സൈബർ പോലീസ് രംഗത്ത്. നൂറോളം പേരാണ് സംഘത്തിന്റെ കെണിയിൽപ്പെട്ടത്.
നിരവധി ആൾക്കാരെ ചതിയിൽ വീഴ്ത്തി പണം തട്ടുന്നത് ഉത്തരേന്ത്യൻ സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ ഉള്ളതായി പോലീസ് പറഞ്ഞു.
സ്ത്രീകളുടേതെന്ന രീതിയിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നവരുമായി സൗഹൃദം സ്ഥാപിച്ച് കെണിയിൽ വീഴ്ത്തുന്നതാണ് സംഘത്തിന്റെ ആദ്യ രീതി.
തുടർന്ന് ഇവർ വീഡിയോ കോളിലൂടെ നഗ്ന ശരീരം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. നിരവധി പേർ ഇത്തരത്തിൽ ഇവരുടെ വലയിൽ പെട്ടിട്ടുണ്ട്.
വീഡിയോ കോളിലൂടെ പ്രദർശിപ്പിക്കപ്പെടുന്ന നഗ്നശരീര ദൃശ്യങ്ങൾ സംഘം സൂക്ഷിച്ചു വയ്ക്കുകയും പിന്നീട് ഈ വിവരം പുറത്താക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പലരെയും ട്രാപ്പിൽ പെടുത്തുകയുമാണ് ചെയ്യുന്നത്.
ദൃശ്യങ്ങൾ പുറത്താകാതിരിക്കണമെങ്കിൽ പണം നൽകണം എന്നാണ് സംഘത്തിന്റെ പ്രധാന ആവശ്യം. ഇത്തരത്തിൽ 100-ലേറെ പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്.
പ്രത്യേക സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സ്ത്രീകളാണ് മറുവശത്ത് എന്നു കരുതി പലരും സ്വന്തം നഗ്നദൃശ്യങ്ങൾ പങ്കു വയ്ക്കും.
ഹണിട്രാപ്പ് സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉത്തരേന്ത്യക്കാരായ ആൾക്കാരാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതെന്നും തിരുവനന്തപുരം റേഞ്ച് ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ വ്യക്തമാക്കി.
തങ്ങൾ ചതിയിൽപ്പെട്ട് എന്ന് മനസ്സിലായാലും അപമാനം ഭയന്ന് പലരും വിവരങ്ങൾ പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ സംഘത്തിന്റെ കെണിയിൽപ്പെട്ട ചുരുക്കം ചിലർ തങ്ങൾക്ക് പറ്റിയ ചതിയെക്കുറിച്ച് പറഞ്ഞതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നതും പോലീസ് അന്വേഷണം ആരംഭിക്കുന്നതും.
പണം നഷ്ടപ്പെട്ടവരില് ഏറെയും ഉന്നത സാമ്പത്തിക പശ്ചാത്തലമുളളവരാണെന്നതാണ് മറ്റൊരു പ്രത്യേകത. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ആദ്യം പരാതിയുമായെത്തിയത്.
ഹണിട്രാപ്പ് സംഘത്തെ പിടികൂടാനുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നുവെന്നും ഇവരെ എത്രയും വേഗം വലയിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡി.ഐ.ജി കൂട്ടിച്ചേർത്തു.