സ്വന്തം ചിത്രവും സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും പകർത്തി സോഷ്യൽ മീഡിയായിൽ പങ്കുവെച്ച് ലൈക്കുകൾ വാങ്ങിക്കൂട്ടുന്നത് ഭൂരിഭാഗമാളുകൾക്കും ഹരമാണ്. എന്നാൽ നിയമപരമായി അതിലൊരു അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്നതിനു തെളിവാണ് ഇറ്റലിയിൽ നിന്നുള്ള ഒരു സംഭവം. കാരണം അനുവാദമില്ലാതെ തന്റെ ചിത്രവും വിവരങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ചതിന് പതിനാറുകാരനായ മകൻ അമ്മയ്ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
ഈ കുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയവരാണ്. ഇതിനു ശേഷം കുട്ടിയുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ഇവർ ഫേസ്ബുക്കിൽ പങ്കുവയ്ക്കാൻ ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ ഈ കുട്ടിയെ ഒരു മാനസിക രോഗിയായി ചിത്രീകരിച്ച ഇവർ മകനെ ഒരു കൊലപാതകിയോടു വരെ ഇവർ ഉപമിച്ചിരുന്നു. ലോകത്തിൽ ഭൂരിഭാഗമാളുകളും ഉപയോഗിക്കുന്ന ഫേസ്ബുക്കിൽ കൂടിയുള്ള ഈ അമ്മയുടെ പ്രവൃത്തി മകന്റെ മനസിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. ഇതിൽ സഹികെട്ടാണ് മകൻ കോടതിയെ സമീപിച്ചത്. തന്റെ അഞ്ഞൂറോളം ചിത്രങ്ങൾ അമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തായി കുട്ടി ആരോപിച്ചു.
ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകുവാൻ തയാറെടുക്കുകയായിരുന്നു ഈ കുട്ടി. അമ്മയുടെ ഈ പ്രവൃത്തികാരണം തന്റെ വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവുമെന്നും മറ്റ് കുട്ടികൾ തന്നെയൊരു മോശം വ്യക്തിയായി കരുതുമെന്നും ഈ കുട്ടി പറയുന്നു.
പരാതി കേട്ട കോടതി ഒന്നുകിൽ കുട്ടിയുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും സോഷ്യൽ മീഡിയയിൽ നിന്നും മാറ്റുകയോ അല്ലെങ്കിൽ ഫെബ്രുവരി ഒന്നിനു മുന്പായി 12,270 ഡോളർ പിഴയടയ്ക്കുകയോ ചെയ്യണം എന്ന് വിധിച്ചു. മാത്രമല്ല സോഷ്യൽ മീഡിയയുടെ നല്ല വശത്തെ ഈ അമ്മ ദുരുപയോഗം ചെയ്തുവെന്നും കോടതി പറഞ്ഞു.