മൂന്നാർ: ഫേസ്ബുക്ക് പ്രണയം നിഷേധിച്ച യുവാവിനെ കൊലപ്പെടുത്താൻ മലേഷ്യൻ യുവതി ക്വട്ടേഷൻ നൽകി. യുവാവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഒൻപതംഗ ക്വട്ടേഷൻ സംഘം അറസ്റ്റിലായി. മധുര സ്വദേശികളായ അൻപരശൻ (24), മുനിയസ്വാമി (21), തിരുമുരുകൻ (21), അയ്യനാർ (20), ഭാസ്കരൻ (47), തേനി സ്വദേശികളായ യോഗേഷ് (20), ദിനേശ് (22), കാർത്ത് (20) എന്നിവരെയാണ് ബോഡി പോലീസ് സ്വകാര്യ ഹോട്ടൽ മുറിയിൽനിന്നും അറസ്റ്റ് ചെയ്തത്. .
തേനി സ്വദേശി അശോക് കുമാറിന്റെ പരാതിയിലാണു പ്രതികളെ പിടികൂടിയത്. ഫേസ്ബുക്കിലൂടെ അശോക് കുമാർ മലേഷ്യൻ യുവതിയുമായി പരിചയത്തിലായിരുന്നു. സൗഹൃദം പിന്നീടു പ്രണയമായി മാറി.
യുവതി പലവട്ടം വിവാഹം ചെയ്യണമെന്നു യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും യുവാവ് തയാറായില്ല. ഇതോടെ ഒരാഴ്ചമുന്പ് തേനിയിലെത്തിയ യുവതി അശോക് കുമാറിനെ നേരിൽ കാണുകയും ഉടൻ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടു തർക്കത്തിലായ യുവതി യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണു പരാതി.
യുവാവ് പോലീസിൽ പരാതി നൽകി തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അശോക് കുമാറിനെ കൊലപ്പെടുത്താൻ അഞ്ചുലക്ഷം രൂപയാണു ക്വട്ടേഷൻ സംഘം ആവശ്യപ്പെട്ടത്. ഇതിൽ ഒരു ലക്ഷം രൂപ മുൻകൂറായി യുവതി സംഘത്തിനു നൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസം കൃത്യം നിർവഹിക്കാനാണു സംഘം പദ്ധതിയിട്ടിരുന്നതെന്നു പോലീസ് പറഞ്ഞു.