ചെങ്ങന്നൂർ: ഫേസ്ബുക്കിലെ സൗഹൃദം മുതലെടുത്ത് യുവാവിനെ ലഹരിപാനീയം നൽകി മയക്കി സ്വർണാഭരണങ്ങളും പണവും അപഹരിച്ച കേസിലെ ദന്പതികളെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി ഇവരെ തമിഴ്നാട്ടിലെ നാഗർകോവിലിൽ എത്തിച്ച് തെളിവെടുപ്പു നടത്തി.
ദന്പതികൾ കവർച്ച ചെയ്ത സ്വർണം കണ്ടെടുത്തു. നാഗർകോവിലുള്ള ആർ.ജെ ജൂവലറിയിലാണ് അഞ്ചര പവന്റെ സ്വർണാഭരണം വിറ്റത്. 1,70,000 രൂപയാണ് ലഭിച്ചത്.
ആ തുക കാനറാ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു.1,60,000രൂപ ഇവരുടെ അക്കൗണ്ടിൽ അവശേഷിക്കുന്നുണ്ട്. ബാക്കി പണം വസ്ത്രങ്ങൾക്കും സുഖഭോഗവസ്തുക്കൾ വാങ്ങുന്നതിനും ചിലവഴിച്ചു.
ഉറക്കഗുളിക കൊടുത്താണ് രാഹുലിനെ മയക്കിയത്. ഇത് നാഗർകോവിലിലുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നുമാണ് വാങ്ങിയത്.
അവിടെയും ദന്പതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കന്യാകുമാരി ജില്ലയിലെ വിവേകാനന്ദപുരത്തെ അഞ്ച് ഗ്രാമം എന്ന സ്ഥലത്താണ് ഇവർ വാടകയ്ക്ക് താമസിച്ചു വന്നത്.
പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി. ഓച്ചിറ, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ സമാനമായ കേസിൽ അതത് പോലീസ്സ്റ്റേഷനിൽ തെളിവെടുപ്പു നടത്തും.
ചേർത്തല തുറവൂർ കുത്തിയതോട് കൊച്ചു തറയിൽ വിവേകി (26) നെയാണ് കഴിഞ്ഞ 18-ന് ഉച്ചയോടെ ചെങ്ങന്നൂരിലുള്ള സ്വകാര്യ ഹോട്ടലിൽ വിളിച്ചു വരുത്തി ബിയറിൽ ഉറക്കഗുളിക കലർത്തി മയക്കിയ ശേഷം അഞ്ചര പവന്റെ സ്വർണാഭരണങ്ങളും സ്മാർട്ട് ഫോണും അപഹരിച്ചത്.
മുളക്കുഴ കാരയ്ക്കാട് തടത്തിൽ മേലേതിൽ രാഖി (31), ഭർത്താവ് പന്തളം കുളനട കുരന്പാല മാവിള തെക്കേതിൽ രതീഷ് എസ് നായർ (36) എന്നിവർ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 17ന് ദന്പതികൾ ചെങ്ങന്നൂരിലെത്തി വെള്ളാവൂർ ജംഗ്ഷനിലുള്ള ഒരു ലോഡ്ജിലും ആശുപത്രി ജംഗ്ഷനിലുള്ള മറ്റൊരു ലോഡ്ജിലും മുറിയെടുത്തു. ഫേസ് ബുക്ക് മെസഞ്ചറിലൂടെയാണ് രാഖി വിവേകുമായി സൗഹൃദം സ്ഥാപിച്ചത്.
കേവലം ഒന്നര മാസത്തെ സൗഹൃദം ഇവർ തമ്മിലുളളു. ഇതിനായി ശാരദ ബാബു എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് രാഖി ഉപയോഗിച്ചത്.
രാഖി ഐ ടി ഉദ്യോഗസ്ഥയാണെന്നും സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നതാണ് എന്നും പറഞ്ഞാണ് സൗഹൃദത്തിന്റെ തുടക്കം.
18-ന് രാഖിയുടെ സുഹൃത്തിന്റെ വിവാഹം ചെങ്ങന്നൂരിൽ ഉണ്ടെന്നും വിവേക് ഇവിടെ എത്തിയാൽ ഓർമ്മകൾ പുതുക്കാം എന്നും പറഞ്ഞാണ് അയാളെ ഇവിടേയ്ക്ക് ക്ഷണിച്ചു വരുത്തിയത്.
ഡിവൈഎസ്പി ആർ ജോസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡാണ് കേസ് അന്വേഷിച്ചത്. സി ഐ ഡി. ബിജുകുമാർ, എസ് ഐമാരായ ശശികുമാർ, പി.ഒ പത്മരാജൻ, സിവിൽ പോലീസ് ഓഫീസർമാരായ ബാലകൃഷ്ണൻ, രതീഷ് കുമാർ, സി പി ഒ മാരായ ജയൻ, സിജു, അനിൽകുമാർ, ഡബ്ല്യൂ സി പി ഒ ശ്രീജ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.