മാതാപിതാക്കൾക്കും ചങ്ക് കൂട്ടുകാർക്കും എന്തിന് നമുക്കു സ്വയംപോലുമറിയാത്ത നമ്മുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും ഫേസ്ബുക്കിന് അറിയാമെന്ന വിവരം എത്രപേർക്കറിയാം. ഈ സ്വകാര്യ വിവരങ്ങൾ ചോരാതിരിക്കാൻ എന്താണ് വഴി. സത്യം പറഞ്ഞാൽ ഒരു വഴിയുമില്ല.
സൗജന്യമായി ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള അവസരം പൊതുജനത്തിന് നൽകുന്പോൾ എന്താണ് അതിന്റെ അണിയറ പ്രവർത്തകർക്കുള്ള നേട്ടം?. കന്പനികളുടെ പരസ്യങ്ങളിൽനിന്നാണ് ഫേസ്ബുക്കിന്റെ വരുമാനം. ഇതിനായി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളും താത്പര്യങ്ങളും മറ്റും പരസ്യക്കന്പനികൾക്ക് വിൽക്കുന്നെന്ന ആരോപണം പലപ്പോഴും ഫേസ്ബുക്കിന് നേരിടേണ്ടി വന്നിട്ടുണ്ട്. പലരും ചോർത്തിയെടുക്കുന്നതു വേറെ.
ആരുടെ വിവരവും ചോരാം
ഏതാനും ദിവസങ്ങളായി ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഒരു സന്ദേശം വരുന്നുണ്ട്. രണ്ടു തരം സന്ദേശങ്ങളാണ് വരുന്നത്. ഫേസ്ബുക്ക് വിവരങ്ങൾ അനധികൃതമായ ഏതെങ്കിലും ആപ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ആ വിവരവും ആ ആപ് നീക്കിയ വിവരവും നിങ്ങളെ അറിയിക്കുന്നതാണ് ഒരു സന്ദേശം.
കേംബ്രിജ് അനലിറ്റക്കയ്ക്കു മാത്രമല്ല വേറെ ഏത് കന്പനിക്കു നിങ്ങളുടെ വിവരങ്ങൾ നൽകിയാലും ആ വിവരം സന്ദേശത്തിൽ കാണിച്ചിരിക്കും. എന്നാൽ ഏതൊക്കെ വിവരങ്ങളാണ് ചോർന്നതെന്ന കാര്യം സന്ദേശത്തിൽ ഫേസ്ബുക്ക് പറയുന്നില്ല.
രണ്ടാമത്തെ സന്ദേശം ഒരു മുന്നറിയിപ്പാണ്. ഫേസ്ബുക്ക് വിവരങ്ങൾ ഏതൊക്കെ ആപ്പുകളുമായും വെബ്സൈറ്റുകളുമായും പങ്കുവയ്ക്കാൻ നിങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് പരിശോധിക്കാൻ ആവശ്യപ്പെടുന്നതാണ് ഈ സന്ദേശം.
പല സൈറ്റുകളും രജിസ്റ്റർ ചെയ്യുന്നതിനു പകരം ഫേസ്ബുക്ക് അക്കൗണ്ടോ, ജിമെയിൽ അക്കൗണ്ടോ ഉപയോഗിച്ചോ ലോഗിൻ ചെയ്യാനുള്ള സൗകര്യം നൽകാറുണ്ട്. ഇത് ഉപയോഗിച്ചവരുടെ വിവരങ്ങളും ചോരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഫേസ്ബുക്ക് നൽകുന്നത്.
ഏതൊക്കെ വിവരങ്ങൾ
ഒാൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ എന്തെങ്കിലും തെരഞ്ഞതിനുശേഷം സോഷ്യൽ മീഡിയയിൽ ലോഗിൻ ചെയ്യുന്പോൾ നമ്മൾ തെരഞ്ഞ സാധനവുമായി ബന്ധപ്പെട്ട പരസ്യം വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ലോഗിൻ ചെയ്യുന്ന ബ്രൗസർ മുഖേനയോ അല്ലെങ്കിൽ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നതുകൊണ്ടോ ആണ് ഇത്തരത്തിൽ പരസ്യങ്ങൾ വരുന്നത്.
ഫേസ്ബുക്കിൽ ലോഗിൻ ചെയ്യുന്പോൾ ജനനത്തീയതി, താത്പര്യങ്ങൾ തുടങ്ങിയ നിരവധി വിവരങ്ങൾ നൽകാറുണ്ട്. ചില സ്ഥലങ്ങളിൽ എത്തുന്പോൾ ഫേസ്ബുക്കിലെ ചെക്ക്ഇൻ ഫീച്ചറും ഉപയോഗിക്കാറുണ്ട്. ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സന്ദർശിക്കുന്ന സ്ഥലങ്ങളിലുള്ളതും നമ്മുടെ താത്പര്യങ്ങളുമായി ബന്ധപ്പെട്ടതുമായ പരസ്യങ്ങളാണ് ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡിൽ വരുന്നത്.
ഡിജിറ്റൽ മേഖലകളിലെ ഒരിടവും സുരക്ഷിതമല്ല. അത് സ്ഥിരമായ മുൻകരുതലിലൂടെ ലഭിക്കുന്ന ഒന്നാണ്.
ചോർച്ച പരിശോധിക്കാം…
ഏതൊക്കെ ആപ്പുകളും വൈബ് സൈറ്റുകളുമായി നമ്മുടെ ഫേസ്ബുക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് അറിയാൻ വഴിയുണ്ട്. ഇതിനായി ഫേസ്ബുക്കിന്റെ മെനുവിൽനിന്ന് Settings > Apps and websites എന്നത് തുറന്നാൽ ആപ്പുകളും വെബ്സൈറ്റുകളും കാണാം.
വിവരങ്ങൾ ഷെയർ ചെയ്യുന്നത് അവസാനിപ്പിക്കാൻ ആപ്പുകളും മറ്റും റിമൂവ് ചെയ്യാനുള്ള അവസരവും ഇതിലുണ്ട്. പരസ്യദാതാക്കളുമായി ഏതൊക്കെ വിവരങ്ങൾ ഷെയർചെയ്യുന്നുണ്ടെന്ന് അറിയാൻ ഫേസ്ബുക്കിന്റെ മെനുവിൽ നിന്ന് Settings > Ads എന്ന ലിങ്കിൽ കയറിയാൽ മതി.
സോനു തോമസ്