കൊച്ചി: സമൂഹമാധ്യമങ്ങൾ വഴി മതസ്പർധയുണ്ടാക്കിയ സംഭവത്തിൽ രണ്ടു പേർക്കെതിരേ പോലീസ് കേസെടുത്തു. റൈറ്റ് തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റിൽ കമന്റിട്ട സെയ്ഫുദ്ദീൻ ബാബു, ഇബ്രാഹിം കുഞ്ഞിപ്പ എന്നീ ഫേസ്ബുക്ക് പ്രൊഫൈൽ ഉടമകൾക്കെതിരേ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.
അയോധ്യ വിഷയത്തിൽ സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ മതസ്പർദയുണ്ടാക്കും വിധം പ്രവർത്തിച്ചതിനാണ് കേസ്. വെള്ളിയാഴ്ച രാത്രി പോസ്റ്റിട്ട ഇവർക്കെതിരേ സൈബർ പോലീസിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്.
ഇവരുടെ ഫേസ്ബുക്ക് ഐഡികൾ വ്യാജമാണോ എന്നും ഇവർ എവിടെനിന്നാണ് ഫേസ്ബുക്കിൽ ലോഗിൻ ചെയ്തതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചു വരുന്നു. ഇവരുടെ സോഷ്യൽ മീഡിയയിലെ മുൻകാല പോസ്റ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്.