പയ്യന്നൂര്‍: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തശേഷം സഹായ അഭ്യര്‍ഥനയുമായി സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ച് പണം തട്ടാനുള്ള ശ്രമം ചീറ്റിപ്പോയി.
സഹായ അഭ്യര്‍ഥനയ്ക്കായി ഇംഗ്ലീഷില്‍ അയച്ച മെസേജാണ് തട്ടിപ്പ് ചീറ്റിപ്പോകാനിടയാക്കിയത്.
കരിവെള്ളൂര്‍- പെരളം പഞ്ചായത്തിലേതുള്പ്പെടെ നിരവധിയാളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തശേഷമാണ് ഈ അക്കൗണ്ടില്‍നിന്നും സഹായ അഭ്യര്‍ഥനാ സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ലഭിച്ചത്.
ഫേസ്ബുക്കിലെ സുഹൃത്തുക്കളാരെന്ന് മനസിലാക്കിയാണ് അവര്‍ക്ക് സഹായ അഭ്യര്‍ഥന സന്ദേശങ്ങള്‍ അയച്ചത്.
ചികിത്സയിലാണെന്നും അടിയന്തിരമായും പണം തന്ന് സഹായിക്കണമെന്നുമാണ് ഗൂഗിള്‍പേ നമ്പര്‍ സഹിതമയക്കുന്ന സന്ദേശത്തിലുള്ളത്.
ചിലര്‍ക്ക് ലഭിച്ച സന്ദേശത്തില്‍ സുഹൃത്ത് തീവ്രപരിചരണ വിഭാഗത്തിലാണെന്ന് പറഞ്ഞാണ് സഹായ അഭ്യര്‍ഥന.
പയ്യന്നൂര്‍ ഗവ: ആസ്പത്രിക്ക് സമീപത്തെ റിട്ട. സര്‍ക്കാര്‍ ജീവനക്കാരന് എസ്. ശ്രീധര പൈ (ബാബു) യുടെ ഫേസ് ബുക്ക് അക്കൗണ്ടിലേക്ക് ഇദ്ദേഹത്തിന്റെ സുഹൃത്തായ തമ്പാന് എന്നയാളിന്റെ അക്കൗണ്ടില്‍നിന്നും ഇംഗ്ലീഷിലുള്ള ഇത്തരം സന്ദേശമെത്തി.
തമ്പാന്റെ അക്കൗണ്ടില്‍നിന്നും അസാധാരണമായ വിധത്തില്‍ ഇംഗ്ലീഷിലയച്ച സന്ദേശത്തില്‍ സംശയം തോന്നിയ സുഹൃത്ത് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്ന് മനസിലായത്.
ഗൂഗിള്‍ പേ അയയ്ക്കാനായി നല്കിയഫോണ് നമ്പറില്‍ വിളിച്ചപ്പോള്‍ പ്രതികരണവുമുണ്ടായില്ല.
ഫേസ് ബുക്ക് വഴി വീഡിയോ കോള്‍ ചെയ്യിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഭാസ്കരന് എന്നയാളിന്റെ അക്കൗണ്ടില്‍നിന്നും സന്ദേശം ലഭിച്ച പ്രജിത്കുമാറിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു.
മറ്റുള്ളവരില്‍ നിന്നും ഇതേ രീതിയില്‍ തന്നെയാണ് പണം തട്ടാന്‍ ശ്രമം നടന്നത്. ഇംഗ്ലീഷ് കാര്യമായി കൈകാര്യം ചെയ്യാനറിയാത്തവരുടെ അക്കൗണ്ടില്‍നിന്നും പതിവില്ലാതെ ഇംഗ്ലീഷിലുള്ള മെസേജ് കിട്ടിയതോടെയാണ് പലര്‍ക്കും സംശയമുണ്ടായത്.
മംഗ്ലിഷിലെഴുതി അങ്ങോട്ടയച്ച മെസേജിന് മറുപടി ലഭിക്കാത്തതും സംശയം വര്‍ധിപ്പിച്ചു. ഗൂഗിള്‍പേ നമ്പര്‍ ഹരിയാനയിലേതാണെന്നതും മനസിലായതോടെയാണ് തട്ടിപ്പുകള്‍ ചീറ്റിപ്പോയത്.
സാധാരണക്കാര്‍ക്ക് മാത്രമല്ല ചില പോലീസുദ്യോഗസ്ഥര്‍ക്കും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ചിലര്‍ പരാതികളുമായി പയ്യന്നൂര്‍ പോലീസിനെ സമീപിച്ചതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.