കൊട്ടാരക്കര: ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തു.
ഇടുക്കി കട്ടപ്പന നെല്ലിപ്പാറ നാലു മുക്കിൽ കുഴിക്കോട്ടയിൽ വീട്ടിൽ ജയമോൻ (36) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുമായി ഫെയ്സ് ബുക്കുവഴി അടുപ്പം സ്ഥാപിച്ച പ്രതി നിർബന്ധപൂർവം മുഖമില്ലാത്ത നഗ്നചിത്രങ്ങൾ വാങ്ങിയിരുന്നു.
ഇതുപയോഗിച്ച് പെൺകുട്ടിയെ വശീകരിക്കാൻ ശ്രമിക്കുകയും വഴങ്ങാൻ തയാറാകാത്തതുമൂലം ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാളെ പെൺകുട്ടി സാമൂഹ്യ മാധ്യമ ബന്ധങ്ങളിൽ നിന്ന് നീക്കം ചെയ്തു.
ഇതിന്റെ വിരോധത്തിൽ വ്യാജ ഐഡികളിൽ നിന്ന് പിന്നീടും നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന നിരന്തര ഭീഷണിയുണ്ടായി.
വിവരമറിഞ്ഞ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരവേ റൂറൽ എസ്പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റാന്നിയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു. ഡിവൈഎസ്പി എസ്.എം സാഹാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സൈബർ പോലീസ് ഇൻസ്പെക്ടർ വി.എസ്.വിപിൻ, എസ്ഐ. അഭിലാഷ്, ഗ്രേഡ് എസ്ഐമാരായ ജയകുമാർ, പ്രസന്നകുമാർ, എഎസ്ഐമാരായ ജഗദീഷ്, ബിനു സിപിഒമാരായ സജിത്, രജ്ഞിത് എന്നിവരാണുൾപ്പെട്ടിരുന്നത്.