കൊച്ചി: ഫാക്ട് അടക്കമുള്ള 12 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ നീതി ആയോഗ് കേന്ദ്രസർക്കാരിനോട് ശിപാർശ ചെയ്തതായി എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഫാക്ട്, നാഷണൽ ടെക്സ്റ്റയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ ആൻറി ബയോട്ടിക്സ്, സ്കൂട്ടേഴ്സ് ഇന്ത്യ, ഹിന്ദുസ്ഥാൻ ഫ്ളൂറോകാർബണ്സ് അടക്കം നഷ്ടത്തിൽ പ്രവർത്തിക്കുന്ന 12 ഓളം സ്ഥാപനങ്ങൾ വിറ്റഴിക്കാനാണ് ശിപാർശ.
ശിപാർശ കാബിനറ്റ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ ഓഹരികൾ പൂർണമായും വിൽക്കണോ അതോ ഭാഗീകമായി കൈമാറണമോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാരിനു തീരുമാനമെടുക്കാമെന്നും നിർദേശമുണ്ട്. പാർലമെൻറ് പാസാക്കുന്ന മുറയ്ക്ക് നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഈ കന്പനികൾ വിറ്റഴിക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്നാണ് വിവരം.നഷ്ടത്തിലാകുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതും ഓഹരി വിറ്റഴിക്കുന്നതുമായ നടപടികൾ സർക്കാർ തുടരുമെന്നും സൂചനയുണ്ട്.
അടുത്ത സാന്പത്തിക വർഷത്തിൽ ഓഹരി വിറ്റഴിക്കലിലൂടെ 72,500 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. സെയിലിൻറെ മൂന്ന് യൂണിറ്റുകളുൾപ്പടെ 15 ഓളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന നടത്താൻ നീതി ആയോഗ് നേരത്തെ ശിപാർശ ചെയ്തിരുന്നു. ഏകദേശം നാൽപതോളം പൊതുമേഖലാ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഓഹരി വിറ്റഴിക്കാനും പദ്ധതിയുണ്ട്.
ഫാക്ടിന്റെ ഓഹരി വിറ്റഴിക്കൽ നിർദേശത്തെക്കുറിച്ച് പഠിച്ചശേഷം മാത്രം പ്രതികരണമെന്ന് സംഘടനകൾ
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ഓഹരികൾ വിൽക്കാനുള്ള നീതി ആയോഗ് നിർദേശത്തെക്കുറിച്ച്് പഠിച്ചശേഷം മാത്രം പ്രതികരിക്കാമെന്ന് സിഐടിയു ജനറൽ സെക്രട്ടറി കെ.ചന്ദ്രൻപിള്ളയും ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. മുരളിയും അറിയിച്ചു.
ഇത്തരത്തിലുള്ള വാർത്തകൾ കേട്ടിരുന്നു. എന്നാൽ ഒൗദ്യോഗിക സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടില്ല. ഇന്ന് ഫാക്ട് സിഎംഡി എ.ബി. ഖരെ ഫാക്ട് സന്ദർശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം കൂടി അറിഞ്ഞശേഷം മാത്രം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നും ഇരുവരും പറഞ്ഞു. 26 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചതായി കേട്ടിരുന്നു പി.എസ്. മുരളി പ്രതികരിച്ചു. മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ൾ