എം.വി.അബ്ദുൾ റൗഫ്
ശ്രീകണ്ഠപുരം: റബർ ബോർഡിന്റെയും ഉത്പാദക സംഘങ്ങളുടെയും റബ്കോയുടെയും ഉടമസ്ഥതയിലുള്ള മടന്പം ലാറ്റക്സ് ഫാക്ടറി കാടുകയറി നശിക്കുന്നു. അടച്ചുപൂട്ടി പത്ത് വർഷത്തോളമായിട്ടും ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. റബർ ബോർഡ് 25 ലക്ഷം രൂപയും 49 റബർ ഉത്പാദക സംഘങ്ങൾ 25000 രൂപ വീതവും ഓഹരിയെടുത്ത് 1996ലാണ് മടന്പത്ത് ലാറ്റക്സ് ഫാക്ടറി സ്ഥാപിച്ചത്.
ഉത്പാദന ചെലവ് വർധിക്കുകയും സാധനങ്ങൾക്ക് കാര്യമായ വിപണി ലഭിക്കാതെയുമായതോടെ നഷ്ടത്തിലായ ഫാക്ടറിയിൽ പിന്നീട് റബ്കോ ഓഹരിയെടുക്കുകയും ക്രമേണ ചുമതലയേറ്റെടുക്കയും ചെയ്തു. തുടർന്നും നഷ്ടം വർധിച്ചതോടെ ക്രംബ് റബർ ഉത്പാദിപ്പിക്കാൻ വ്യക്തികൾക്ക് പലപ്പോഴായി കരാർ നൽകിയെങ്കിലും അതും ഗുണം ചെയ്തില്ല. 39 കോടി രൂപ നഷ്ടത്തിലായ ഫാക്ടറി പിന്നീട് അടച്ചുപൂട്ടുകയായിരുന്നു.
പരേതനായ ഇ. നാരായണൻ റബ്കോ ചെയർമാനായിരിക്കെ ഉത്പാദക സംഘം പ്രതിനിധികളുമായി ചർച്ച നടത്തുകയും അവരുടെ ഓഹരിസംഖ്യ തിരിച്ചുനൽകാൻ ധാരണയായിരുന്നെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.ഓഹരി സംഖ്യ തിരിച്ചുനൽകാതെ കന്പനിയുടെ ആസ്തിവിൽക്കാൻ അനുവദിക്കില്ലെന്നാണ് ഉത്പാദക സംഘങ്ങളുടെ നിലപാട്. ഇനി ഉത്പാദക സംഘങ്ങൾ സമ്മതിച്ചാലും റബർ ബോർഡിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ചതർക്കം നിലനിൽക്കുകയും ചെയ്യും.
മടന്പത്ത് റോഡരികിൽ നാലേക്കറോളം സ്ഥലത്താണ് ഫാക്ടറിയുള്ളത്. കർഷകർക്ക് ഉപകാര പ്രദമാകുമെന്ന പ്രതീക്ഷയിൽ വളരെ കുറഞ്ഞ വിലയ്ക്കാണ് കർഷകർ സ്ഥലം വിട്ടുനൽകിയിരുന്നത്. ഫാക്ടറിയോട് ചേർന്നുള്ള ഓഫീസിന്റെ അവസ്ഥയും ദയനീയമാണ്.
വാതിലുകളും ഫർണിച്ചറുകളും ദ്രവിച്ച് നശിക്കുകയാണ്.
കാട്പിടിച്ച് കിടക്കുന്നതിനാൽ കെട്ടിടങ്ങളും പരിസരവും ഇപ്പോൾ ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും താവളമായിരിക്കുകയാണ്. ഫാക്ടറി പൂട്ടിയതോടെ 260 ഓളം തൊഴിലാളികളിൽ ഭൂരിഭാഗം പേർക്കും ജോലിനഷ്ടമായി. കുറച്ചുപേർ റബ്കോ കൂത്തുപറന്പ്, തലശേരി യൂണിറ്റുകളിൽ ജോലിയിൽ പ്രവേശിച്ചു. ചിലർ ആനുകൂല്യങ്ങൾക്കായി ലേബർ കോടതിയെ സമീപിച്ചിരിക്കുകയാണ്.