കളമശേരി: ലോക ജല ദിനം ആചരിച്ച് 24 മണിക്കൂർ ആകും മുമ്പെ പെരിയാറിൽ വ്യവസായ മാലിന്യം വൻതോതിൽ തള്ളി. ഇന്നലെ ചുണ്ണാമ്പു കലർന്ന നിറത്തിൽ ഒഴുകിയതിനെ തുടർന്ന് പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. ഏലൂർ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപമാണ് ഉച്ചയ്ക്ക് 12.30 ഓടെ പെരിയാർ വെള്ള നിറത്തിലായത്. രാവിലെ 12 മണി കഴിഞ്ഞ് പാതാളം ബ്രിഡ്ജിലെ രണ്ട് ഷട്ടറുകൾ ഇറിഗേഷൻ ഉദ്യോഗസ്ഥർ ഉയർത്തിയ ശേഷമാണ് സംഭവം
. പായൽ ഒഴുക്കി കളയാനുണ്ടെന്ന പേരിലാണ് ഷട്ടർ ഉയർത്തിയത്. എന്നാൽ എടയാർ മേഖലയിൽ നിന്ന് ചുണ്ണാമ്പു കലർന്ന രീതിയിൽ വെള്ളം പതഞ്ഞ് വരുകയായിരുന്നു. ശ്വാസം കിട്ടാതെ മീനുകൾ പുഴയുടെ പരപ്പിൽ പൊങ്ങി വന്നതോടെ കാക്കകൾ കൂട്ടം കൂടി കരഞ്ഞതാണ് നാട്ടുകാരുടെ ശ്രദ്ധയിൽ ആദ്യം പെട്ടത്. മീനുകളെ തിന്നാൻ നീർനായകളും എത്തി.
ഷട്ടർ തുറന്ന വിവരമറിഞ്ഞ് വ്യവസായ മാലിന്യം വൻതോതിൽ തള്ളുകയാണെന്ന വസ്തുത പ്രദേശവാസികൾക്ക് മനസ്സിലായതിനെ തുടർന്ന് ഷട്ടർ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ജനക്കൂട്ടം വർധിച്ചു വന്നപ്പോൾ ഉദ്യോഗസ്ഥർ 12.45 ഓടെ ഷട്ടർ അടയ്ക്കുകയും ചെയ്തു. എന്നാൽ തീരത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പുഴയിൽ നീന്തിയെത്തി ചത്തുപൊങ്ങിയ മീനുകൾ ശേഖരിച്ചു.
സാധാരണ മീനുകൾക്ക് പുറമേ കൊഞ്ച്, കരിമീൻ തുടങ്ങിയവയും ചത്തുപൊങ്ങി. ജനങ്ങൾ ആവശ്യപ്പെട്ടതിനാൽ മലിനകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് മുകളിലെത്തി ജലത്തിൻെറ സാമ്പിളുകൾ ശേഖരിച്ചു മടങ്ങി. ശുദ്ധീകരിക്കാതെ പെരിയാറിലേക്ക് വ്യവസായ മാലിന്യം തള്ളുന്നതിനെതിരെ ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.