“എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു ബ്രേക്ഫാസ്റ്റ് വേണ്ട’ഇതും പറഞ്ഞു ബാഗ് എടുത്തു സ്കൂളിലേക്ക് ഓടാനുള്ള തിടുക്കത്തിലായിരുന്നു ആ ഒന്പതാം ക്ലാസ്സുകാരി. ഇത് മിക്കവീടുകളിലെയും സ്ഥിരംസംഭവമാണ്. അമിതവണ്ണം എന്നതിന്റെ പേരിൽ കണ്ടുവരുന്ന ഈ ഒരു ‘ഡയറ്റിംഗ് ‘ഒട്ടുമുക്കാൽ മാതാപിതാക്കൾക്കും തീർത്തും സുപരിചിതമാണ്.
യുവതലമുറയുടെ ഡയറ്റിംഗ്
പലപ്പോഴും ഡയറ്റിംഗ് എന്നുള്ളതു തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു. യുവതലമുറ പലപ്പോഴും ഡയറ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭക്ഷണം ഒഴിവാക്കുന്നതിനെയാണ്. എന്നാൽ, അതുകൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയെന്നുള്ള അറിവില്ലായ്മയാണ് ഇത്തരത്തിലുള്ള ഡയറ്റിംഗിന്റെ പിറകെ പോകാൻ കൗമാരക്കാരെ പ്രേരിപ്പിക്കുന്നതും.
അമിതഭാരം കുറ യ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു. ശരിയായ ഡയറ്റ് പ്ലാൻ എടുക്കാതിരിക്കുന്നതു മൂലം എന്തൊക്കെ അപകടങ്ങളാണ് സംഭവിക്കുന്നതെന്നു നോക്കാം.
* ഭക്ഷണ ഗ്രൂപ്പുകളെയോ പോഷകങ്ങളെയോ കർശനമായി നിയന്ത്രിക്കുന്ന ഫാഡ് ഡയറ്റുകൾ അർഥമാക്കുന്നത് സമീകൃത ഭക്ഷണ സംവിധാനം നൽകുന്ന ആരോഗ്യ സംരക്ഷണ ഫലങ്ങൾ നഷ്ടപ്പെടുത്തുന്നു എന്നാണ്.ഫാഡ് ഡയറ്റുകൾ ദീർഘകാലത്തേക്ക് സുരക്ഷിതമാണോ അതോ വിവിധ രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുമോ എന്നു നോക്കാം.
ഫാഡ് ഡയറ്റ് തിരിച്ചറിയാം
തിരിച്ചറിയുക എളുപ്പമാണ്. ഭക്ഷണക്രമം എപ്പോഴും ശരീരഭാരം കുറയ്ക്കൽ, ആരോഗ്യകരമായ ഭക്ഷണ ശീലം അല്ലെങ്കിൽ ശരീരവടിവ് നിലനിർത്തുക എന്നിവയുടെ പേരിൽ ശരീരത്തിന് ആവശ്യമുള്ള സമീകൃത പോഷകങ്ങളും കലോറികളും നിഷേധിക്കപ്പെടുമ്പോൾ അതിനെ ഫാഡ് ഡയറ്റ് എന്ന് വിളിക്കുന്നു.
സാധാരണഗതിയിൽ, ഒരു ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന സ്വഭാവസവിശേഷതകളിൽ ചിലത് അല്ലെങ്കിൽ എല്ലാം പ്രദർശിപ്പിക്കുന്നു:
1. പെട്ടെന്നുള്ള പരിഹാരം വാഗ്ദാനം ചെയ്യുന്നു.
2. ‘മാജിക്’ ഭക്ഷണങ്ങളോ ഭക്ഷണങ്ങളുടെ സംയോജനമോ പ്രോത്സാഹിപ്പിക്കുന്നു.
3. ഭക്ഷണത്തിന് ശരീര രസതന്ത്രം മാറ്റാൻകഴിയുമെന്ന് സൂചിപ്പിക്കുന്നു.
4. കാർബോഹൈഡ്രേറ്റ് പോലുള്ള ഭക്ഷണ ഗ്രൂപ്പുകളെയോ പോഷകങ്ങളെയോ ഒഴിവാക്കുകയോ കഠിനമായി നിയന്ത്രിക്കുകയോ ചെയ്യുന്നു.
5. ശരീരഭാരം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കർശനമായ നിയമങ്ങളെ കൂട്ടുപിടിക്കുന്നു.
6. ഒരൊറ്റ പഠനത്തെയോ സാക്ഷ്യപത്രങ്ങളെയോ മാത്രം അടിസ്ഥാനമാക്കിയുള്ള ക്ലെയിമുകൾ ഉന്നയിക്കുന്നു.
(തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ – 0484 2772048
[email protected]