മുംബൈ: മഹാരാഷ്ട്രയിൽ അധികാരം പങ്കിടുന്നതിനെച്ചൊല്ലി തർക്കം തുടരുന്നു. ബിജെപി നയിക്കുന്ന സർക്കാരാണ് അടുത്ത അഞ്ചു വർഷവും ഭരണത്തിലുണ്ടാവുകയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാൻ ആലോചിക്കുന്നില്ല. ഇക്കാര്യത്തിൽ ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്ന് അമിത്ഷാ പറഞ്ഞിട്ടുണ്ടെന്നും ശിവസനേയ്ക്കുള്ള മറുപടിയെന്നോണം ഫഡ്നാവിസ് വ്യക്തമാക്കി.
അതേസമയം, സർക്കാർ രൂപവത്കരണം വൈകിക്കുകയാണെങ്കിൽ തങ്ങൾക്ക് മറ്റ് മാർഗങ്ങൾ ആലോചിക്കേണ്ടിവരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് ബിജെപിക്ക് മുന്നറിയിപ്പ് നൽകി. ബിജെപിയുമായുള്ള സഖ്യത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചത്. എന്നാല്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി തങ്ങളെ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു.