കൊച്ചി: വേദനിക്കുന്ന രോഗികൾക്ക് ആശ്വാസം നൽകുന്നവരാണ് നഴ്സുമാരെന്ന് ചലച്ചിത്ര നടൻ കുഞ്ചാക്കോ ബോബൻ. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനത്തിനു വേണ്ടി എറണാകുളം ലിസി ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് ടേക്ക് ഓഫ്. നഴ്സുമാരുടെ വ്യക്തിപരവും ജോലിസംബന്ധവുമായ ജീവിതാനുഭവങ്ങൾ ചിത്രീകരിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു.
ഒരു നഴ്സിന്റെ ജീവിതം അടുത്തറിയാൻ സാധിച്ചത് ഈ ചിത്രത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ട സംവിധായകൻ രാജേഷ് പിള്ളയ്ക്കുള്ള സിനിമാ ലോകത്തിന്റെ സമ്മാനം കൂടിയാണ് ഈ ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ അഭിനയിച്ച ശേഷം പലപ്പോഴും നഴ്സുമാർ തന്റെ മുഖത്തു പോലും നോക്കാൻ മടിച്ചിരുന്നുവെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.
ഈ ചിത്രം കഴിയുന്നതോടെ അതു മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഓരോരുത്തർക്കുമുള്ള സമർപ്പണമാകും ഈ ചിത്രമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ലിസി ആശുപത്രി ഡയറക്ടർ തോമസ് വൈക്കത്തുപറന്പിൽ പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു.
ചലച്ചിത്ര മേഖല കേരളത്തിനു നൽകുന്ന സംഭാവനകൾ വിലമതിക്കാനാവത്തതാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സംഗീതസംവിധായകൻ ഗോപി സുന്ദർ, നിർമാതാവ് ആന്റോ ജോസഫ്, ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം തലവൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം എന്നിവർ പ്രസംഗിച്ചു