ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിലാണ് മഹേഷിന്റെ പ്രതികാരം ടീം. ദിലീഷ് പോത്തന്റെ തന്നെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനാകുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഇപ്പോഴിതാ ഇതേ ടീം മറ്റൊരു ചിത്രത്തിനായി ഒത്തുചേരുന്നുവെന്ന് റിപ്പോർട്ട്. നടൻ ഫഹദ് ഫാസിലും സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ചേർന്ന് ഒരു ചിത്രം നിർമിക്കാൻ ഒരുങ്ങുകയാണ്.
ആഷിഖ് അബുവിന്റെയും ദിലീഷിന്റെയും സഹസംവിധായകനായിരുന്ന മധു സി.നാരയണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇവർ ചേർന്ന് നിർമിക്കുന്നത്. ശ്യാം പുഷ്കരനാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സൗബിൻ ഷാഹിർ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.