ആലപ്പുഴ: ചലച്ചിത്ര താരം ഫഹസ് ഫാസിലിന്റെ പേരിൽ നവ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നതുമായി ബന്ധപ്പെട്ട് ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൗത്ത് പോലീസ് കേസെടുത്തു.
സൗത്ത് എസ്ഐ എം.കെ. രാജേഷാണ് കേസിന്റെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഐടി ആക്ട് പ്രകാരമുള്ള കേസായതിനാൽ സൗത്ത് സിഐയ്ക്കാണ് അന്വേഷണ ചുമതല.ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഫഹദ് ഫാസിലിന്റെ ചെറുപ്പകാലം അഭിനയിക്കാൻ രൂപ സാദൃശ്യമുള്ള കുട്ടികളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഫാസിൽ പരാതി നൽകിയത്. ഫഹദിന്റെ ചെറുപ്പകാലത്തെ ചിത്രത്തോടൊപ്പമാണ് നവ മാധ്യമങ്ങളിൽ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
എന്നാൽ ഇത്തരത്തിൽ ഒരു കഥയെക്കുറിച്ചോ ചലച്ചിത്രത്തെക്കുറിച്ചോ തങ്ങൾക്ക് അറിയില്ലെന്നും ഈ പോസ്റ്റ് ഇട്ടിരിക്കുന്നവരെ അറിയില്ലെന്നും ഫാസിൽ പരാതിയിൽ പറയുന്നു. പോസ്റ്റിൽ ഉണ്ടായിരുന്ന ഫോണ് നന്പറിൽ ബന്ധപ്പെട്ടപ്പോൾ ഫോണ് എടുക്കുകയോ തിരിച്ചുവിളിക്കുകയോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവിക്ക് ഫാസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അന്വേഷിക്കുന്നതിനായി പരാതി ജില്ലാ പോലീസ് മേധാവി സൗത്ത് സ്റ്റേഷന് കൈമാറുകയായിരുന്നു.