പുറത്തുവിട്ട് നാല്പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ 25 ലക്ഷത്തോളം ആളുകളാണ്, സത്യന് അന്തിക്കാട്-ശ്രീനിവാസന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന, ഫഹദ് ഫാസില്‍ നായകനായെത്തുന്ന ഞാന്‍ പ്രകാശന് എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ടത്. ചിത്രത്തെ ആളുകള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ടീസറിന് ലഭിച്ചിരിക്കുന്ന പ്രതികരണം.
ടിപ്പിക്കല്‍ മലയാളിയുടെ സ്വഭാവ സവിശേഷതകളെ പരിഹസിക്കുന്ന ഈ ടീസറിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ പുകഴ്ത്തി പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മിയും എത്തിയിരിക്കുന്നു.
ഞാന്‍ പ്രകാശന്റെ ടീസര്‍ കണ്ടതിനു ശേഷം, ഐശ്വര്യ ലക്ഷ്മി തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് പോസ്റ്റ് ഇട്ടത്. വരത്തനില്‍ താന്‍ കണ്ട ഫഹദ് ഫാസിലിനെ അല്ല ഇതില്‍ കാണാന്‍ സാധിക്കുന്നത് എന്നും എങ്ങനെ ഒരാള്‍ക്ക് ഇത്ര അനായാസമായി വ്യത്യസ്ത കഥാപാത്രങ്ങളായി മാറാന്‍ സാധിക്കുന്നു എന്നും ഐശ്വര്യ അത്ഭുതപ്പെടുന്നു.
താന്‍ ഫഹദിന്റെ ഒരു കടുത്ത ആരാധിക കൂടിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഐശ്വര്യ നിര്‍ത്തുന്നത്. ശ്രീനിവാസന് തിരക്കഥ രചിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ്. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.