സ്വകാര്യജീവിതം മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ തുറന്നു കാട്ടേണ്ടതിന്റെ ആവശ്യമില്ലെന്ന് നടന് ഫഹദ് ഫാസില്‍. പലരും വിളിക്കാറുണ്ട് അവര്‍ക്കറിയേണ്ടത് എന്റെ സിനിമകളെക്കുറിച്ചോ അഭിനയത്തേക്കുറിച്ചോ അല്ല. നസ്രിയയ്ക്ക് എന്തുണ്ട് വിശേഷം എന്നു ചോദിച്ചാണ് പലരും വിളിക്കുന്നത്. ഫഹദ് പറയുന്നു. തങ്ങള്‍ എവിടെ പോകുന്നു, എങ്ങനെ ജീവിക്കുന്നു എന്നാണ് ഇത്തരക്കാര്ക്കറിയേണ്ടത്. ഇത് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതെന്നും ഫഹദ് പറയുന്നു.
ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് താരമിപ്പോള്‍. കാസര്‍കോടാണ് ഷൂട്ടിംഗ്. ഇപ്പോള്‍ വളരെ ശ്രദ്ധിച്ചാണ് ഫഹദ് പടം തെരഞ്ഞെടുക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിനു ശേഷം റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലാണഭിനയിച്ചത്. വിജയ് സേതുപതിയ്ക്കൊപ്പം ഒരു തമിഴ്പടമാണ് അടുത്തതായി വരുന്നത്. മുമ്പ് ഇടവേളകളില്ലാതെ ചെയ്ത ചിത്രങ്ങള്‍ പരാജയമായതിനെത്തുടര്‍ന്നാണ് താന്‍ സെലക്ടീവായതെന്നും ഫഹദ് പറയുന്നു. ദൂരെ സ്ഥലങ്ങളില്‍ ചിത്രീകരണത്തിനു പോകുമ്പോള്‍ നസ്റിയയെയും ഒപ്പം കൂട്ടാറുണ്ടെന്നും ഫഹദ് പറഞ്ഞു.