‘മാലിക്’ ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണെന്ന് നടൻ ഫഹദ് ഫാസിൽ. നസ്രിയ വന്നില്ലായിരുന്നെങ്കിൽ തന്റെ ജീവിതം എന്താകുമായിരുന്നെന്ന് അറിയില്ലെന്നും ഫഹദ് സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറഞ്ഞു.
ഫഹദിന്റെ കുറിപ്പിൽ നിന്ന്
‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നുള്ള തിരിച്ചുവരവിലായിരുന്നു ഞാനും. എന്നെ സംബന്ധിച്ച് ലോക്ഡൗൺ മാർച്ച് രണ്ടിന് ആരംഭിച്ചതാണ്. അപകടത്തെക്കുറിച്ച് ‘ക്ലോസ്’ എന്നാണ് എന്റെ ഡോക്ടർമാർ പോലും പറഞ്ഞത്.
വീണപ്പോൾ മുഖം താഴെയടിക്കും മുമ്പ് തന്നെ ഞാൻ കൈകൾ കുത്തി. 80 ശതമാനം സംഭവങ്ങളിലും വീഴ്ചയുടെ ആഘാതത്തിൽ ആളുകൾക്ക് അതിനു സാധിക്കുന്നതല്ല.
പക്ഷേ മനസ്സാന്നിധ്യം കൈവെടിയാഞ്ഞതിനാൽ എനിക്കതു സാധിച്ചു. വീണ്ടുമൊരിക്കൽ കൂടി ജീവിതത്തിൽ ഭാഗ്യം എന്നെ തുണച്ചു.
ഇത്തരമൊരു കാലത്ത് ഇത്രയും കാലം എനിക്കൊപ്പം നിന്ന പ്രേക്ഷകരോട് ചിലതൊക്കെ പറയണമെന്ന് എനിക്കുണ്ട്. ഞങ്ങളുടെ ഏറ്റവും വലിയ അഭിമാന പദ്ധതികളിലൊന്നായ ‘മാലിക്’ എന്ന ചിത്രം വളരെയധികം വിഷമത്തോടെയാണെങ്കിലും ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത കാലത്ത് ഒടിടിയിൽ റിലീസ് ചെയ്ത എന്റെ മറ്റു സിനിമകൾ പോലെയല്ല മാലിക്.
അവയൊക്കെ ആദ്യം മുതൽക്കെ ഒടിടി റിലീസിനായി ഒരുക്കപ്പെട്ടതായിരുന്നെങ്കിൽ മാലിക് തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനിരുന്നതാണ്.
നിങ്ങളോരോരുത്തരോടും സിനിമ കാണണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു. തിയറ്ററുകൾ പഴയ രീതിയിലാകാൻ ഞാൻ കാത്തിരിക്കുകയാണ്. തിയറ്ററുകൾ ഇനി തുറക്കുമ്പോൾ നിങ്ങൾക്കായി പുതിയൊരു സിനിമ നൽകേണ്ടത് ഉത്തരവാദിത്തമായി ഞാൻ ഏറ്റെടുക്കുന്നു.
മുൻപ് ഒന്നു രണ്ട് അഭിമുഖങ്ങളിൽ ഞാൻ എഞ്ചിനിയറിങ് കോളജിൽ നിന്ന് പുറത്തായ കാര്യം പറഞ്ഞിട്ടുണ്ട്.
ആറു വർഷം നീണ്ട അമേരിക്കയിലെ പഠനത്തിനു ശേഷം തിരികയെത്തുമ്പോൾ എനിക്ക് ഡിഗ്രി ഇല്ലായിരുന്നു. അതു കൊണ്ട് തന്നെ എനിക്ക് എവിടെ നിന്നു വേണമെങ്കിലും തുടങ്ങാമായിരുന്നു.
ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയുടെ ഏഴാം വാർഷികവും ഒരുപാട് നല്ല ഓർമകൾ സമ്മാനിക്കുന്നു. നസ്രിയയെ ഇഷ്ടപ്പെടുന്നതും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതുമൊക്കെ.
ഒരു എഴുത്തും ഒപ്പം ഒരു മോതിരവും നൽകിയാണ് എന്റെ ഇഷ്ടം നസ്രിയയെ അറിയിച്ചത്. നസ്രിയ യെസെന്നും പറഞ്ഞില്ല നോയെന്നും പറഞ്ഞില്ല.
ബാംഗ്ലൂർ ഡെയ്സിൽ അഭിനയിക്കുമ്പോൾ ഞാൻ മറ്റു രണ്ടു സിനിമകളിൽ കൂടി അഭിനയിക്കുന്നുണ്ടായിരുന്നു. മൂന്ന് സിനിമകളിൽ അഭിനയിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്.
പക്ഷേ അപ്പോഴും ഞാൻ ബാംഗ്ലൂർ ഡെയ്സ് ലൊക്കേഷനിലേക്ക് തിരികെ പോകാൻ കാത്തിരുന്നു. നസ്രിയ്ക്കൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ഇഷ്ടപ്പെട്ടു.
എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു ഒന്നിച്ചൊരു കുടുംബമായി നിൽക്കുന്നു.
നസ്രിയയ്ക്കൊപ്പം ജീവിതം ആരംഭിച്ച ശേഷമാണ് എനിക്ക് നേട്ടങ്ങൾ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാൻ ഒറ്റയ്ക്ക് ചെയ്തതല്ല. നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച് അത്ര ഉറപ്പ് ഇല്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓർക്കുന്നു.
എല്ലാ അവസാനങ്ങളും മനോഹരമായ മറ്റൊരു കഥയുടെ ആരംഭമാണ്. അതു ചിലപ്പോൾ നമ്മുടെയാകാം അല്ലെങ്കിൽ നാം കൂടി ഭാഗമായിട്ടുള്ള മറ്റൊരാളുടെ കഥയാകാം.
പക്ഷേ നമുക്കെല്ലാവർക്കും നമ്മുടേതായ ഭാഗങ്ങൾ ഉണ്ടെന്ന് ഓർമിക്കുക. ഇക്കാലം നമുക്കൊക്കെ ബുദ്ധിമുട്ടേറിയതാണെന്നറിയാം. പക്ഷേ പുതിയ ഒരു ആരംഭത്തിനായി ഇതും അവസാനിക്കും.