ടി.ജി.ബൈജുനാഥ്
എ.ആർ റഹ്്മാന്റെ സംഗീതം. നായകനായി ഫഹദ് ഫാസിൽ. മഹേഷ് നാരായണന്റെ സ്ക്രിപ്റ്റും സിനിമാറ്റോഗ്രഫിയും. നിർമാണം ഫാസിൽ.
ഒരു നവാഗത സംവിധായകന് ഇതൊക്കെ സ്വപ്നതുല്യ ചേരുവകൾ. ഈ രസക്കൂട്ടിൽ മലയൻകുഞ്ഞ് എന്ന സർവൈവൽ ത്രില്ലറൊരുക്കിയത് വി.കെ.പ്രകാശ്, വേണു, വൈശാഖ്, മഹേഷ് നാരായണൻ എന്നിവരുടെ അസോസിയേറ്റായിരുന്ന സജിമോൻ പ്രഭാകർ.
മഹേഷും ഫഹദും
സിനിമയിൽ ഒരുമിച്ചു ജോലി ചെയ്തു തുടങ്ങിയ പരിചയം വളർന്നുണ്ടായ സൗഹൃദവും അടുപ്പവുമാണ് മഹേഷുമായും ഫഹദുമായും ഉള്ളതെന്ന് സജിമോൻ പറയുന്നു.
‘ഞാനും മഹേഷും ഇരുപതുകൊല്ലമായി സുഹൃത്തുക്കളാണ്. സിയു സൂണ്, ടേക്ക് ഓഫ്, മാലിക് എന്നിവയിൽ മഹേഷിന്റെ അസോസിയേറ്റുമായിരുന്നു.
‘നെത്തോലി ഒരു ചെറിയ മീനല്ല’ ചെയ്യുന്പോഴാണ് ഫഹദിനെ പരിചയപ്പെടുന്നത്. വളരെ കൂൾ ആൻഡ് ഫ്രണ്ട്ലി ആയ മനുഷ്യനാണ്.
അതുകൊണ്ടുതന്നെ സംസാരിക്കാനും ഹാൻഡിൽ ചെയ്യാനുമൊ ക്കെ വളരെ കംഫർട്ട് തോന്നി. അങ്ങനെ ‘ടേക്ക് ഓഫ്’ സമയത്താണ് ഒരുമിച്ചൊരു സിനിമ ചെയ്യുന്നതിനെപ്പറ്റി ഫഹദിനോടു സംസാരിക്കുന്നത്.
ഒന്നു രണ്ടു കഥകൾ നോക്കിയെങ്കിലും അന്നതു നടന്നില്ല. പിന്നീട് ലോക്ഡൗണ് സമയത്തു സിയുസൂണ് ചെയ്യുന്പോഴാണ് മഹേഷ് മലയൻകുഞ്ഞിന്റെ കഥ പറഞ്ഞത്.
ഞാനും മഹേഷും കൂടി ഫാസിൽ സാറിന്റെയടുത്തു പോയി. കഥ കേട്ട ശേഷമാണ് അദ്ദേഹം ഇതു നിർമിക്കാമെന്നു സമ്മതിച്ചത്.’
ഉരുൾപൊട്ടലിനു ശേഷം
ഉരുൾപൊട്ടലിൽ പെട്ട് ഭൂമിക്കടിയിൽ 30 അടി താഴ്ചയിൽ അകപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ തിരിച്ചുവരവിന്റെ, അതിജീവനത്തിന്റെ കഥയാണു മലയൻകുഞ്ഞ്. പക്ഷേ, മെയിൻ കഥ അതല്ലെന്നു സംവിധായകൻ:
‘ പ്രകൃതിയെന്ന അമ്മയുടെ മടിത്തട്ടിലെ കുഞ്ഞ് – അതാണ് മലയൻകുഞ്ഞ്. ഒരു മലയോരഗ്രാമത്തിൽ സംഭവിക്കുന്ന കഥയാണിത്.
മലയടിവാരത്തു താമസിക്കുന്ന ചെറുപ്പക്കാരൻ – അയാളുടെ ജീവിതത്തിൽ പ്രകൃതി നന്നായി ഇടപെടുന്നുണ്ട്. ആ കഥാപാത്രത്തിന്റെ ഒരവസ്ഥ അയാളിലുണ്ടാക്കുന്ന മാറ്റമാണ് സിനിമ സംസാരിക്കുന്നത്. ഉരുൾപൊട്ടൽ അതിന്റെ ഭാഗമായി വരുന്നുവെന്നേയുള്ളൂ’
ഫഹദിന്റെ ആക്സിഡന്റ്
മഹേഷുമായുള്ള സൗഹൃദം സിനിമയെ സഹായിച്ചതായി സജിമോൻ പറയുന്നു. ‘സ്ക്രിപ്റ്റിംഗും കാമറയും മഹേഷ് തന്നെ ചെയ്തതിനാൽ മേക്കിംഗ് കുറച്ചുകൂടി അനായാസമായി.
സുഹൃത്തുക്കൾ ആയതിനാൽ ഞങ്ങൾ തമ്മിലും ആശയ ക്കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. ആകെക്കൂടി സംഭവിച്ചതു ഫഹദിന്റെ ആക്സിഡന്റാണ്.
അതും കോവിഡും കാരണമാണ് സിനിമ വൈകിയത്. ഈരാറ്റുപേട്ടയിലെ ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞ് പിന്നീട് എറണാകുളത്ത് ഷൂട്ട് ചെയ്ത ആദ്യദിവസം തന്നെ ഫഹദ് വീണു. കുറച്ചു ക്രിട്ടിക്കലായിരുന്നു. ദൈവാധീനം കൊണ്ട് കാര്യമായി ഒന്നും പറ്റാതെ രക്ഷപ്പെട്ടു.’
കംഫർട്ട് സോൺ
ഫഹദുമായി വർക്ക് ചെയ്യുന്പോൾ എല്ലാം കംഫർട്ട് സോണിലാണെന്ന് സംവിധായകൻ പറയുന്നു. വീട്ടിലിരുന്ന് ഇലക്്ട്രോണിക് റിപ്പയർ ജോലികൾ ചെയ്യുന്നയാളാണ് മലയൻകുഞ്ഞിൽ ഫഹദിന്റെ കഥാപാത്രം അനിൽകുമാർ എന്ന അനിക്കുട്ടൻ.
‘ രജിഷ വിജയൻ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. കഥയ്ക്കു യോജിച്ച
ആർട്ടിസ്റ്റിനെ സെലക്ട് ചെയ്യുകയായിരുന്നു.’
- സംവിധായകൻ പറയുന്നു.
ഫാസിൽ
ഫാസിൽ എന്ന നിർമാതാവിന്റെ പിന്തുണ സിനിമയുടെ മേക്കിംഗിൽ നിർണായകമായിരുന്നുവെന്ന് സജിമോൻ. ‘എ.ആർ.റഹ്്്മാനുണ്ട്.
സെറ്റ് വർക്കുകളുണ്ട്. വിഷ്വൽ ഇഫക്ട്സ്, ആർട്ട് വർക്കുകൾ…അങ്ങനെ വലിയ ബജറ്റായ പടമാണ്. പിന്നെ, കോവിഡ് കാരണം കുറേ വൈകുകയും ചെയ്തു. അപ്പോഴെല്ലാം നല്ല സപ്പോർട്ടായിരുന്നു ഫാസിൽ സാർ.’
എ. ആർ.റഹ്്മാൻ എത്തിയത്…
യോദ്ധയ്ക്കു ശേഷം മലയാളത്തിലേക്ക് റഹ്്മാൻ മ്യൂസിക്ക് തിരിച്ചുവരികയാണ്. മലയൻകുഞ്ഞിൽ റഹ്മാന്റെ വരവിനെക്കുറിച്ചു സജിമോൻ പറയുന്നു… ‘ റഹ്്മാൻ സാറിനോടു ചോദിച്ചു നോക്കാം എന്ന ആശയം മുന്നോട്ടുവച്ചത് ഫഹദാണ്. അതുപ്രകാരം ഫഹദ് തന്നെ സാറിനു മെയിൽ അയച്ചു.
സാർ പടം കാണാമെന്ന് അറിയിച്ചു. പടം കണ്ടുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. അദ്ദേഹം ചെയ്യാത്ത ജോണറിലുള്ള പടമാണ്.
അങ്ങനെയാണ് റഹ്്മാൻ സാർ മലയൻ കുഞ്ഞിലേക്ക് എത്തിയത്. മൂന്നു പാട്ടുകളാണുള്ളത്. വരികളെഴുതിയതു വിനായക് ശശികുമാർ. വിജയ് യേശുദാസ്, കെ. എസ്. ചിത്ര, ശ്വേതാമോഹൻ എന്നിവരൊക്കെയാണു പാടിയത്.’
ജ്യോതിഷിന്റെ ആർട്ട്
പടം കാണുന്പോൾ അവിടെയും ഇവിടെയുമൊക്കെ കുറച്ചു റിയൽ ലൈഫ് സംഭവങ്ങൾ തോന്നാമെന്നും സംവിധായകൻ പറയുന്നു.
‘ ഭൂമിക്കടിയിലുള്ള സീക്വൻസുകളുടെ മേക്കിംഗായിരുന്നു വെല്ലുവിളിയായത.് എറണാകുളത്തെ സെറ്റിലും ഈരാറ്റുപേട്ടയിലുമായിട്ടാണ് ഉരുൾപൊട്ടൽ സീനുകൾ ഷൂട്ട് ചെയ്തത്.
വാഗമണ്, കുമളി എന്നിവിടങ്ങളിലും സീനുകളെടുത്തിട്ടുണ്ട്. നല്ല വെയിലുള്ള സമയത്തായിരുന്നു ഷൂട്ടിംഗ്. മഴക്കാലവും ഉരുൾപൊട്ടലുമൊക്കെ ക്രിയേറ്റ് ചെയ്തതാണ്.
അതിന്റെ ക്രെഡിറ്റ് കലാസംവിധായകൻ ജ്യോതിഷ് ശങ്കറിനുള്ളതാണ്. അതിനെ സപ്പോർട്ട് ചെയ്യാൻ മാത്രമാണ് വിഷ്വൽ ഇഫക്ട്സ് ഉപയോഗിച്ചത്.’
അതു സെറ്റാണ്
ഭൂമിക്കടിയിൽ പെട്ടുപോയ ആളിന്റെ സീനുകൾ…അയാൾ മണ്ണിനടിയിൽ നിന്നു തിരിച്ചുവരുന്ന ദൈർഘ്യമേറിയ സീനുകൾ സെറ്റിട്ടാണു ക്രിയേറ്റ് ചെയ്തതെന്നു കലാസംവിധായകൻ ജ്യോതിഷ് ശങ്കർ കൂട്ടിച്ചേർക്കുന്നു.
‘ആർട്ട് വർക്ക് ചെയ്തു രൂപപ്പെടുത്തിയ സെറ്റിലാണ് ഭൂമിക്കടിയിലെ സീനുകൾ ചിത്രീകരിച്ചത്. ഭൂമിക്കടിയിലെ പൈപ്പും ആർട്ട് വർക്കാണ്. എറണാകുളത്തു ഫ്്ളോറിൽ സെറ്റിടുകയായിരുന്നു.
90 ശതമാനവും ആർട്ട് വർക്കാണ്. ഫഹദിന്റെ കഥാപാത്രം വീട്ടിലെ മുറിയിലിരുന്ന് ഇലക്്ട്രോണിക് വർക്ക് ചെയ്യുന്നതു ട്രെയിലറിൽ കണ്ടില്ലേ..ആ മുറി ഈരാറ്റുപേട്ടയിൽ സെറ്റിട്ടതാണ്. ആ വീട്, വീടിന്റെ പരിസരത്തുള്ള കാര്യങ്ങൾ, കോളനി, വീടുകൾ…എന്നിവയും.’
തിയറ്ററിൽ കാണാനുണ്ട്
ഏറെ പഠനങ്ങൾക്കു ശേഷമാണ് ഭൂമിക്കടിയിലെ സീനുകളുടെ സെറ്റ് ചെയ്തെടുത്തതെന്നു ജ്യോതിഷ്
ശങ്കർ. ‘ഫഹദ് ഉൾപ്പെടെ എല്ലാവരുടെയും സംഭാവന അതിലുണ്ട്.
ഇത്തരം സിനിമകൾ മുന്പു മലയാളത്തിൽ വന്നിട്ടില്ലല്ലോ. മാളൂട്ടി മാത്രമായിരുന്നു നമുക്കുള്ള റഫറൻസ്. ഇതു കുറച്ചുകൂടി വൈഡായി, വലിയ സ്ക്രീനിൽ കാണേണ്ട സിനിമയായിട്ടാണു ചെയ്തിരിക്കുന്നത്.
മലയാളത്തിൽ ഇത് പുതിയൊരു ശ്രമമാണ്. തിയറ്ററിൽ പോയി കണ്ട് ആസ്വദിക്കാനുള്ള വക ഇതിലുണ്ട്. സിനിമാറ്റിക് അനുഭവം തരുന്ന പടം തന്നെയാണ്.’
മലയൻകുഞ്ഞ് മേക്കിംഗിലെ വെല്ലുവിളിയെക്കുറിച്ചു സംവിധായകന്റെ വെളിപ്പെടു ത്തലുകൾക്ക് അടിവരയിടുകയാണ് കലാ സംവിധായകൻ ജ്യോതിഷ് ശങ്കർ.