ഫഹദ് ഫാസിലിന്റെ ബോളിവുഡ് എന്‍ട്രിക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. പുഷ്പ രണ്ടാം ഭാഗം കൂടി വന്‍ വിജയമായി മാറിയതോടെ ഇനിയും എത്രനാള്‍ കൂടി വേണ്ടി വരും ഫഹദിനെ ഹിന്ദിയില്‍ കാണാന്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പുഷ്പ മുതല്‍ ആവേശം വരെയുള്ള സിനിമകളിലൂടെ നോര്‍ത്ത് ഇന്ത്യയിലും വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ ഫഹദ് ഫാസിലിന് സാധിച്ചിരുന്നു. ഇന്ന് പാന്‍ ഇന്ത്യന്‍ താരമാണ് ഫഹദ് ഫാസില്‍.
ഫഹദിന്റെ ഹിന്ദി പ്രവേശനത്തെക്കുറിച്ചും മുമ്പും ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ താന്‍ അങ്ങോട്ടില്ലെന്ന മട്ടിലായരുന്നു അന്നൊക്കെ ഫഹദ് പ്രതികരിച്ചിരുന്നത്. പ്രമുഖ സംവിധായകന് വിശാല്‍ ഭരദ്വാജ് അടക്കമുള്ളവരുടെ സിനിമകളിലേക്കുള്ള ഓഫറുകള്‍ ഫഹദ് നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷമാണ് ഫഹദ് ഫാസില്‍ പുഷ്പയിലും വിക്രമിലും മറ്റ് തെന്നിന്ത്യന്‍ സിനിമകളിലുമൊക്കെ അഭിനയിക്കുന്നത്. എന്തായാലും ഫഹദ് ഫാസിലിന്റെ ബോളിവുഡ് എന്‍ട്രിയ്ക്ക് അധികനാള്‍ ഇനി കാത്തിരിക്കേണ്ടി വരില്ലെന്നുറപ്പാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫഹദ് ഫാസില്‍ തന്റെ ഹിന്ദി എന്‍ട്രിക്കായി തയാറെടുക്കുകയാണ്. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഹിന്ദിയിലെത്തുക. തൃപ്തി ദിമ്രിയായിരിക്കും ചിത്രത്തിൽ ഫഹദിന്റെ നായികയാവുക. ഈ വർഷത്തെ ജനപ്രീതിയുടെ നടീനടന്മാരിൽ ഒന്നാമതെത്തിയത് തൃപ്തിയായിരുന്നു. ഷാരീഖ് കാൻ, പ്രഭാസ്, ദീപിക പദുകോൺ, ആലിയ ഭട്ട് തുടങ്ങിയവരെ പിന്തള്ളിയാണ് തൃപ്തി ഒന്നാമതെത്തിയത്. ഐഎംഡിബി പുറത്തുവിട്ട 2024 പട്ടികയിലാണ് തൃപ്തി ഒന്നാം സ്ഥാനത്തുള്ളത്.
കഴിഞ്ഞ ദിവസം പിങ്ക് വില്ലയാണ് ഫഹദിന്റെ ഹിന്ദി അരങ്ങേറ്റം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇപ്പോഴിതാ ഈ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ സിനിമ നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ ആയിരിക്കും. 2025 ആദ്യ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രീകരണം ആരംഭിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം സ്ഥിരം പാതയില്‍ നിന്നു മാറി നടക്കുന്ന ഇംതിയാസ് അലി സിനിമയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഫഹദ്-തൃപ്തി സിനിമ റൊമാന്റിക് കോമഡിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പേരും പുറത്ത് വന്നിട്ടുണ്ട്. ഇഡിയറ്റസ് ഓഫ് ഇസ്താംബുള്‍ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. പേരില്‍ തന്നെ ചിത്രം കോമഡിയായിരിക്കുമെന്ന സൂചന ലഭിക്കുന്നുണ്ട്. അതേസമയം ഈ പേര് തന്നെയായിരിക്കുമോ അന്തിമം എന്നതില്‍ വ്യക്തയായിട്ടില്ല. ഇംതിയാസ് അലിയോ താരങ്ങളോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അധികം വൈകാതെ തന്നെ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.