ചുരുക്കം സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി മാറിയ താരമാണ് നസ്രിയ നസീം. വളരെ നാളത്തെ ഇടവേളയ്ക്കുശേഷം, താന്‍ സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് നസ്രിയ ഇപ്പോള്‍.
കൂടെ എന്ന അജ്ഞലി മേനോന് ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചു വരവിനൊരുങ്ങുന്നത്. നസ്രിയ, അജ്ഞലി മേനോന്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ, പുതിയ ചിത്രത്തിന്റെയും നസ്രിയയുടെ തിരിച്ചു വരവിന്റെയും വാര്‍ത്ത പുറത്തുവിട്ടിരുന്നു.
അക്കൂട്ടത്തില്‍ ഫഹദ് ഫാസിലിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ വികാരഭരിതമായിട്ടാണ് നസ്രിയയുടെ തിരിച്ചു വരവിനെക്കുറിച്ച് ഫഹദ് സംസാരിച്ചത്. തനിക്കുവേണ്ടിയാണ് കഴിഞ്ഞ നാലുവര്‍ഷം നസ്രിയ സിനിമയില്‍ നിന്ന് വിട്ടു നിന്നതെന്നും ഈയൊരു നിമിഷത്തിനുവേണ്ടിയാണ് താനും കാത്തിരുന്നതെന്നും ഫഹദ് പറയുകയുണ്ടായി.
ഫഹദിന്റെ കുറിപ്പ് വൈറലായതോടെ ഫഹദിന്റെ വാക്കുകള്‍ തനിക്കേറെയിഷ്ടമായി എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്. മൂവരും ഒന്നിച്ച ബാംഗ്ലൂര്‍ ഡെയ്സിന്റെ ചിത്രീകരണ സമയത്തുണ്ടായ ഒരു സംഭവവും അഞ്ജലി പങ്കുവച്ചു. അഞ്ജലിയുടെ വാക്കുകള്‍ ഇങ്ങനെ…
‘ബാംഗ്ലൂര്‍ ഡെയ്സ് ഷൂട്ടിംഗിന്റെ അവസാനദിവസം എല്ലാവരും പിരിയുന്നതിന്റെ സങ്കടത്തിലായിരുന്നു. അത് മാറ്റാന്‍ ഷൂട്ടിംഗ് കഴിഞ്ഞ് ഫഹദ്, നസ്രിയ, ദുല്‍ഖര്‍, അമല്‍, നിവിന്‍, റിന്ന, നിവിന്റെ മകന്, ഞാന്‍ എല്ലാവരും ചേര്‍ന്ന് ഡിന്നറിന് പോയി. വരാനിരിക്കുന്ന ഫഹദ്നസ്രിയ വിവാഹമായിരുന്നു ഞങ്ങളുടെ പ്രധാന ചര്‍ച്ചാ വിഷയം.
വിവാഹത്തോടെ നസ്രിയ അഭിനയം നിര്‍ത്തുമെന്ന സ്ഥിരം ഊഹാപോഹങ്ങളിലേക്ക് ചര്‍ച്ച എത്തി. ഇത് കേട്ട് അസ്വസ്ഥനായ ഫഹദ് പറഞ്ഞു, അഞ്ജലി, നിങ്ങളുടെ അടുത്ത സിനിമയില്‍ നസ്രിയയെ കാസ്റ്റ് ചെയ്യണം. അവള് അഭിനയിക്കുന്നത് എനിക്കിഷ്ടമല്ലെന്ന് മറ്റുള്ളവര്‍ എന്തിന് വെറുതെ ചിന്തിക്കണം!’
‘ഫഹദിന്റെ വാക്കുകള്‍ എന്നെ സന്തോഷിപ്പിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ ശരിയ്ക്കും എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാകുകയും നസ്രിയ അഭിനയിക്കുന്നത് കാണാന്‍ ഫഹദ് സെറ്റില്‍ വരികയും ചെയ്തപ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നി.
സെറ്റുകളില്‍ എപ്പോഴും ഞാന്‍ തിരക്കുകളിലായിരുന്നതിനാല്‍ ഫഹദുമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, ഒരു കാര്യം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു… ഫഹദ്… അവളുടെ ചിറകുകള്‍ക്കടിയിലെ കാറ്റായി കൂടെയുള്ളത് തീര്‍ച്ചയായും മഹത്തായ കാര്യമാണ്. ആശംസകള്‍ക്ക് നന്ദി. നസ്രിയഫഹദ് … സന്തോഷമായിരിക്കൂ!’