വടക്കഞ്ചേരി: അണക്കപ്പാറ പഴഞ്ചേരികളത്തെ കരിങ്കൽക്വാറിയിൽ ഫയർഫോഴ്സിനു കീഴിലുള്ള മുങ്ങൽവിദഗ്ധ സംഘമായ സ്കൂബ ടീമിന് പരിശീലനം. തെരഞ്ഞെടുക്കപ്പെട്ട ഏഴംഗ ടീമിനാണ് പരിശീലനം നല്കുന്നത്.വടക്കഞ്ചേരി ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ.സി.ഷാജുവിന്റെ മേൽനോട്ടത്തിൽ വി.കണ്ണദാസ്, എം.ശ്രീജൻ, ഡി.സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് എണ്പതടി താഴ്ചയിൽ മുങ്ങിതാണുള്ള തീവ്രപരിശീലന പരിപാടി നടത്തുന്നത്.
ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി 45 മിനിറ്റ് സമയം വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നുള്ള തെരച്ചിൽ പരിശീലനമാണ് നല്കുന്നത്. പഴഞ്ചേരികളം മുഹമ്മദിന്റെ ഒരേക്കർ വരുന്ന ഈ കരിങ്കൽക്വാറിയിൽ ഇപ്പോൾ 85 അടി വെള്ളമുണ്ട്. കുംഭമാസത്തിൽ ഇനിയും ആഴത്തിൽ വെള്ളമുള്ള കുളങ്ങളോ ഡാമുകളോ മറ്റു ജലാശയങ്ങളോ ഇത്രയും വിസ്തൃതമായ നിലയിൽ ജില്ലയിൽ മറ്റെവിടെയും ഇല്ലാത്തതിനാലാണ് പ്രവർത്തനമില്ലാതെ ഈ കരിങ്കൽക്വാറി പരിശീലനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
മുകളിൽനിന്നും ജലാശയത്തിലേക്ക് ഇടുന്ന സാധനം എണ്പത്തഞ്ച് അടി താഴ്ചയിലേക്ക് മുങ്ങിപ്പോയി എടുത്തുകൊണ്ടുവരുന്നതാണ് പരിശീലനം. ഓക്സിജൻ സിലിണ്ടർ, അണ്ടർ വാട്ടർ ടോർച്ച്, സേഫ് റോപ്പ് തുടങ്ങി സുരക്ഷാ സംവിധാനങ്ങളോടെയാണ് ഓരോരുത്തർക്കും പരിശീലനം നല്കുന്നത്. ഡാമുകളിലും പുഴകളിലും കുളങ്ങളിലും ഇത്തരം കരിങ്കൽ ക്വാറികളിലുമെല്ലാം ആളുകൾപെട്ടാൽ അവരെ പുറത്തെടുക്കുന്നതിനായാണ് ഈ പരിശീലനം.
വെള്ളം കെട്ടിനില്ക്കുന്ന ആഴമുള്ള സ്ഥലങ്ങളിൽ വാഹനം പെട്ടാലും ഈ സ്കൂബ ടീമാണ് എത്തുക. ആത്മഹത്യ ചെയ്യാൻ വെള്ളത്തിൽ ചാടുന്നവരുടെ രക്ഷയ്ക്കും ഇവർ പാഞ്ഞെത്തും. പോലീസ് കേസുകളിൽ തൊണ്ടിമുതലായുള്ള കത്തിയോ മറ്റോ വലിയ ജലാശയങ്ങളിലേക്ക് വലിച്ചെറിഞ്ഞാൽ അത് എടുക്കുന്നതിനും സ്കൂബ ടീമിന്റെ സഹായം തേടാറുണ്ടെന്ന് ടീമിന്റെ മുഖ്യ പരിശീലകനായ വി.കണ്ണദാസ് പറഞ്ഞു.
പാലക്കാട് ഡിവിഷനു കീഴിലുള്ള പാലക്കാട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിലെ പരിശീലകരും ഇവർ തന്നെയാണ്. സ്വിമ്മിംഗ് പൂളിലാണ് ടീമിലെ അംഗങ്ങൾക്ക് ആദ്യം പരിശീലനം നല്കുക. പിന്നീട് പത്തടി താഴ്ചയുള്ള കുളത്തിലോ ഒടുവിൽ ഏറെ ആഴമുള്ള ഇത്തരം ക്വാറികൾ കണ്ടെത്തി അതിൽ മുങ്ങി തെരച്ചിൽ നടത്തുന്നതിനു പരിശീലനം നല്കുന്നത്. നാലുഘട്ടങ്ങളാണ് പരിശീലനത്തിനുള്ളതെന്ന് സ്റ്റേഷൻ ഓഫീസർ ഇ.സി.ഷാജു പറഞ്ഞു.
ഒരാൾ വെള്ളത്തിൽപെട്ടാൽ മൂന്നു മിനിറ്റ് മാത്രമേ ജീവിച്ചിരിക്കൂ. തുടർന്നുള്ള ഓരോ സെക്കൻഡുകളും വളരെ പ്രധാനമാണെന്ന് നിരവധിപേരെ വെള്ളത്തിൽനിന്നും രക്ഷിച്ചിട്ടുള്ള പരിശീലകൻ കണ്ണദാസ് പറയുന്നു.കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയകാലത്ത് ഈ സ്കൂബ ടീമിന്റെ സേവനം ജില്ലയിലെ പല ഭാഗത്തും പ്രയോജനപ്പെടുത്തിയിരുന്നു.