ചാലക്കുടി: അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിശമനസേന അപകടഭീഷണിയിൽ. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അഗ്നി രക്ഷാസേനകേന്ദ്രം ഏതു സമയവും തകർന്നുവീഴാറായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 30ഓളം ഫയർ ഫോഴ്സ് ജീവനക്കാർ യാതൊരു സൗകര്യമില്ലാത്ത കെട്ടിടത്തിലാണ് കഴിഞ്ഞുകൂടുന്നത്.
ഫയർഫോഴ്സ് വാഹനങ്ങൾ പാർക്കുചെയ്യുന്ന ഷെഡിലാണ് ഭൂരിഭാഗം പേരും വിശ്രമിക്കുന്നത്. കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമാണ്. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ മഴക്കാലത്ത് വളരെ ദുരിതമാണ്. രണ്ടു പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും ചെയ്തിരിക്കയാണ്. ഇവിടെ കൊതുകുകടി സഹിച്ചാണ് കഴിഞ്ഞുകൂടുന്നത്.
പണ്ട് നഗരസഭ ബസ് സ്റ്റാൻഡായിരുന്ന കെട്ടിടമാണ് ഫയർഫോഴ്സിന്റെ കെട്ടിടം. സൗത്ത് ജംഗ്ഷനിൽ ബസ് സ്റ്റാൻഡ് കെട്ടിടം നിർമിച്ചപ്പോൾ ബസ് സ്റ്റാൻഡ് അവിടേക്ക് മാറി. ഫയർഫോഴ്സ് ചാലക്കുടിയിൽ അനുവദിച്ചപ്പോൾ പഴയ ബസ് സ്റ്റാൻഡ് കെട്ടിടം ഫയർഫോഴ്സിന് നല്കി. ഫയർഫോഴ്സിന് കെട്ടിടം നിർമിക്കാൻ സർക്കാർ പുതിയ സ്ഥലം അനുവദിക്കുമെന്ന് പ്രഖ്യാപനങ്ങൾ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ സ്ഥലം അനുവദിച്ചിട്ടില്ല.
കിഴക്കെ ചാലക്കുടി വില്ലേജിൽ സർവ്വെ നന്പർ 435/1, 437/1, 437/2 ൽ പെട്ട 1.4812 ഹെക്ടർ സ്ഥലത്തുനിന്നും 50 സെന്റ് സ്ഥലം ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന് റവന്യൂ വകുപ്പിൽനിന്നും അനുവദിച്ചുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി മാറി മാറി വന്ന സർക്കാരുകൾ നിയമസഭയിൽ അറിയിച്ചിരുന്നതാണ്. എന്നാൽ ഇതുവരെ നടപടി ആയിട്ടില്ല.
അപകടരംഗങ്ങളിൽ പാഞ്ഞെത്തുന്ന ഫയർ ഫോഴ്സ് തീപിടുത്തമുണ്ടായാൽ തീ കെടുത്താൻ ഉപയോഗിക്കുന്ന വാഹനത്തിലാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. ഫയർ ഫോഴ്സിന് ഒരു ആംബുലൻസില്ല. നേരത്തെ ഉണ്ടായിരുന്ന ആംബുലൻസ് കാലപഴക്കംമൂലം ലേലം ചെയ്തു വിറ്റു. പകരം ആംബുലൻസ് എത്തിയില്ല. ആധുനിക സംവിധാനങ്ങൾ ഒന്നും തന്നെ ഇവിടേക്ക് എത്തുന്നില്ല. പഴയ കെട്ടിടത്തിൽനിന്നും എന്ന് ശാപമോചനം ലഭിക്കുമെന്ന് കാത്തിരിക്കുകയാണ്.