ശ്രീകണ്ഠപുരം: മദ്യലഹരിയിൽ മാങ്ങ പറിക്കാൻ കയറിയ മധ്യവയസ്കൻ പോലീസിനേയും അഗ്നിശമനസേനയേയും വട്ടം കറക്കി. ഇന്നലെ രാത്രി 10.30 ഓടെ ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ചെങ്ങളായി സ്വദേശിയായ 50 കാരനാണ് രണ്ട് മണിക്കൂറോളം പോലീസിനേയും അഗ്നിശമനസേനയേയും മുൾമുനയിൽ നിർത്തിയത്.
അസമയത്ത് മാവിന്റെ തലപ്പത്തിരിക്കുന്നയാളെ കണ്ട് ആത്മഹത്യ ചെയ്യാനുള്ള ശ്രമമാണെന്ന് തെറ്റിദ്ധരിച്ച നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളോട് താഴെയിറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല.
ഇതോടെ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമനസേനയും ഇറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് സംഘം കോണി വെച്ച് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തന്നെ താഴെയിറങ്ങുകയായിരുന്നു.