സ്വന്തം ലേഖകൻ
തൃശൂർ: യുഎഇയിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രധാന പ്രതികളിലൊരാളായ തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്ത എൻഐഎക്ക് കിട്ടിയത് സുപ്രധാന വിവരങ്ങൾ. സ്വർണക്കടത്തു കേസിന്റെ തുടരന്വേഷണത്തിന് വളരെ സഹായകരമാകുന്ന വിവരങ്ങളാണ് ഫൈസലിൽനിന്നു കിട്ടിയതെന്നാണ് സൂചന.
ഇത് വരും ദിവസങ്ങളിലെ കേസന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഇന്നലെ എൻഐഎ സർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴിയെടുത്തതും നയതന്ത്ര ചാനൽ വഴിയെത്തിയ പാഴ്സലുകളുടെ വിവരം ചോദിച്ചറിഞ്ഞതും മറ്റും യുഎഇയിലെ ചോദ്യം ചെയ്യലിൽ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സൂചനകളുണ്ട്.
സ്വർണക്കടത്തു കേസിൽ ഇന്നുവരെ അരങ്ങത്തുവരാത്ത ചിലരുടെ പേരുകൾ കൂടി ഫൈസൽ വെളിപ്പെടുത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഫൈസലിൽനിന്നു ലഭിച്ച വിവരങ്ങൾ അതീവ രഹസ്യമായാണ് വച്ചിരിക്കുന്നത്. ഇത് പുറത്തുവിട്ടാൽ കേസിലെ പല പ്രധാന തെളിവുകളും ഇല്ലാതാകുമെന്നതുകൊണ്ടുതന്നെ തുടർനടപടികൾ വേഗത്തിലാക്കാനാണ് എൻഐഎയുടെ നീക്കം.
ഫൈസലിനെ ചോദ്യം ചെയ്തത് വീഡിയോയിൽ പകർത്തിയിട്ടുണ്ട്. അബുദാബിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടന്നതെന്നും അബുദാബി പോലീസിന്റെ എല്ലാ സഹകരണവും ലഭിച്ചുവെന്നുമാണ് ഗൾഫ് റിപ്പോർട്ടുകൾ. തിരുവനന്തപുരത്തെ യുഎഇ കോണ്സുലേറ്റിലേക്ക് പാഴ്സലുകൾ ഫൈസലിന്റെ വിലാസത്തിൽ നിന്നാണ് അയച്ചതെന്ന വിവരങ്ങൾ സംബന്ധിച്ചും നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ട്.
കഴിഞ്ഞവർഷം മുതൽ വന്ന പാഴ്സലുകളുടേയും സാക്ഷ്യപത്രങ്ങളുടേയും വിശദാംശങ്ങൾ തേടി പ്രോട്ടോക്കോൾ ഓഫീസർക്ക് കത്തു നൽകിയതും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. ഗൾഫിലെത്തിയ എൻഐഎ സംഘം കുറഞ്ഞ സമയം കൊണ്ട് പരമാവധി തെളിവുകളും നിർണായക വിവരങ്ങളും ശേഖരിച്ചാണ് മടങ്ങിയിരിക്കുന്നത്.
ഫൈസലിനെ ഇന്ത്യയിലേക്ക് വിട്ടുകിട്ടിയാൽ സ്വർണക്കടത്തിലെ ഇനിയും മറനീക്കിയിട്ടില്ലാത്ത പല രഹസ്യങ്ങളും പുറത്തുവരുമെന്നാണ് എൻഐഎ കരുതുന്നത്.
അധ്യാപകന്റെ കൈവെട്ടു കേസിലെ പിടികിട്ടാപുള്ളിയെ കുറിച്ചുള്ള അന്വേഷണവും ഗൾഫിലെത്തിയ എൻഐഎ സംഘം നടത്തിയിട്ടുണ്ട്. എന്നാൽ ഇതെക്കുറിച്ച് കാര്യമായ വിവരം ലഭിച്ചിട്ടില്ലെന്നറിയുന്നു. ഇയാളെക്കുറിച്ചും ഫൈസലിനോട് സംഘം ചോദിച്ചിട്ടുണ്ട്.