തലശേരി: സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദ് ദുബായിയിൽ പിടിയിലായതോടെ ഫൈസൽ ഫരീദുമായി ആത്മബന്ധം പുലർത്തിയിരുന്ന മലയാളത്തിലെ മൂന്നു പ്രമുഖ നടിമാർ അങ്കലാപ്പിൽ.
ദുബായിയിലെ സാമ്പത്തിക സ്ഥാപനത്തിലെ ഉന്നതനായ മാഹി സ്വദേശിയുടെ ചങ്കിടിപ്പും വർധിച്ചു. ഇതിനിടയിൽ ഇന്ത്യയല്ലാതെ മറ്റേതെങ്കിലും രാജ്യത്തേക്ക് ഫൈസലിനെ കടത്താൻ ദുബായിയിലെ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ദുബായിയിലെ അധികാരകേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ചില ഉന്നതരാണ് ഇതിനു പിന്നിലെന്നാണ് സൂചന. കേരളത്തിൽ ഫൈസൽ എത്തിയാൽ കസ്റ്റംസും എൻഐഎയും ഫൈസലിനെ ചോദ്യം ചെയ്യുകയും കേരളത്തിലെ ഭരണരംഗത്തെ പ്രമുഖരുമായി അടുപ്പമുള്ള പല ഉന്നതരും കുടുങ്ങുമെന്നുമാണ് ദുബായിയിൽ നിന്നും ലഭിക്കുന്ന വിവരം.
ദുബായിയിലെ പല സ്ഥാപനങ്ങളുടേയും ഉദ്ഘാടനച്ചടങ്ങിന് ഫൈസൽവഴി എത്താറുള്ള നടിമാരാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിലായിട്ടുള്ളത്. ഫൈസൽ ഫരീദ് തന്റെ ആഡംബര കാറിൽ ദുബായ് നഗരത്തിൽ ഒപ്പം കൂട്ടി കറങ്ങാറുള്ള യുവ നടിമാരെക്കുറിച്ചു നിറംപിടിച്ച കഥകളാണ് ദുബായിയിലെ മലയാളികൾക്കിടയിലുളളത്.
ജുമൈറയിലെ ആഡംബര ബീച്ചിൽ ഫൈസൽ ഫരീദിനൊപ്പം ഉല്ലസിക്കുന്ന നടിമാരുടെ ചിത്രങ്ങൾ മലയാളികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. ദുബൈ മാളിലെ ബ്രാൻഡഡ് വാനിറ്റിബാഗ് ഷോറൂമിൽ നടിമാർക്കൊപ്പമെത്തി അവർക്കു വൻ വിലയുള്ള സമ്മാനങ്ങൾ നൽകലും ഫൈസൽ ഫരീദിന്റെ പതിവായിരുന്നു.
ദുബായ് മാളിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ബുർജ് ഖലീഫയിലെ പ്രമുഖ വ്യവസായിയുടെ ഫ്ലാറ്റിലും ഫൈസൽ ഫരീദും നടിമാരും മാഹിയിലെ സമ്പന്നനും നിത്യ സന്ദർശകരാണ്. നടിമാർക്കു കള്ളക്കടത്തുമായി ബന്ധമുണ്ടോയെന്നു വ്യക്തമല്ലെങ്കിലും ഇടയ്ക്കിടെയുള്ള നടിമാരുടെ ദുബായ് യാത്ര ദുരൂഹത ഉളവാക്കിയിട്ടുണ്ട്.
ഫൈസൽ ഫരീദിന്റെ ജിമ്മിലും ഈ നടിമാർ എത്താറുണ്ടെന്നു പ്രദേശവാസികളായ മലയാളികൾ രാഷ്ട്രദീപികയോടു പറഞ്ഞു. ദുബായ് റാഷീദിയയിലെ വീട്ടിൽനിന്നുമാണ് ഫൈസലിനെ ദുബായ് പോലീസ് പിടികൂടിയത്.
ഇയാൾ മനസ് തുറന്നാൽ ദുബായിയിലെ ചില അതിസമ്പന്നരുടെ മുഖംമൂടിയും അഴിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫൈസലിന്റെ ദുബായ് ഫോൺ നമ്പറുകളുടെ വിശദമായ വിവരങ്ങൾ ദുബായ് പോലീസ് ശേഖരിക്കുന്നുണ്ട്.