തൃശൂർ: യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു കൊണ്ടുപോരാതിരിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു സ്വർണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ്.
യുഎഇ അടക്കം ഗൾഫിലും മറ്റു വിദേശരാജ്യങ്ങളിലുമുള്ള തന്റെ വൻ സ്വാധീനവും ബന്ധങ്ങളും ഉപയോഗപ്പെടുത്തിയാണ് ഫൈസൽ വിദേശത്തു തുടരുന്നതെന്നാണു സൂചന.
ഇന്ത്യയിലെത്തിയാൽ അറസ്റ്റ് ഉറപ്പായതിനാൽ തത്കാലം വരാതിരിക്കാനുള്ള മാർഗങ്ങളാണ് ഇയാൾ ആരായുന്നത്. ഇതിന് അവിടെ ചില കേസുകളിൽ പ്രതിയാകാനുള്ള നീക്കമാണ് നടത്തുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫൈസലിനെക്കുറിച്ചു കാര്യമായ വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. ഫൈസൽ ദുബായിയിൽ കസ്റ്റഡിയിലായെന്നു നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇയാളെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതടക്കമുള്ള തുടർനടപടികളെക്കുറിച്ച് അവ്യക്തതയാണുണ്ടായത്.
എൻഐഎ സംഘം യുഎഇയിലേക്കു പോകാനൊരുങ്ങുന്നതിനിടയിലാണ് ഫൈസൽ പുതിയ തന്ത്രവുമായി എൻഐഎയെപ്പോലും ഞെട്ടിച്ചത്. ഗൾഫിൽ ഏതെങ്കിലും കുറ്റകൃത്യത്തിലോ സാന്പത്തിക ക്രമക്കേടിലോ ഉൾപ്പെട്ടു കേസ് രജിസ്റ്റർ ചെയ്ത് അവിടെനിന്നു മറ്റൊരിടത്തേക്കും കൈമാറ്റപ്പെടാൻ കഴിയാത്ത വിധം നിൽക്കുന്നതാണ് സുരക്ഷിതമെന്ന നിയമോപദേശം മറയാക്കിയാണ് ഇയാളുടെ നീക്കം.
ഈ പഴുത് ഉപയോഗിച്ചാണ് ഇപ്പോൾ ഇയാൾ ഗൾഫിൽ തുടരുന്നത്. ഇതിന് ഇയാളെ സഹായിക്കാനും സംരക്ഷണം നൽകാനും നിരവധി പേർ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. ബിസിനസുകാർ അടക്കമുള്ള ചിലരാണ് ഇയാൾക്കു വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
തുണയായി വന്പൻമാർ
ഫൈസൽ അറസ്റ്റിലായാൽ സ്വർണക്കടത്ത് കേസിലെ നിർണായക വിവരങ്ങൾ പുറത്താകുമെന്നും പല ഉന്നതരും കുടുങ്ങുമെന്നുമുള്ളതിനാൽ ഫൈസലിനെ നിയമത്തിനും എൻഐഎക്കും മുന്നിൽ വിട്ടുകൊടുക്കാതിരിക്കാനാണ് സ്വർണക്കടത്ത് ലോബിയുടെ നീക്കം.
കേരളത്തിൽ ഭരണതലത്തിലുള്ളവർക്കെതിരേ പോലും ആരോപണം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ ഫൈസൽ പിടിയിലായാൽ സംഗതി കൈവിട്ടുപോകുമെന്ന അങ്കലാപ്പിലാണ് ഇതിൽ ഉൾപ്പെട്ടവർ. ഇതുവരെ മറയത്തുനിൽക്കുന്ന പലരും അതുവഴി അകത്താകുമെന്നതാണ് അറ്റകൈ പ്രയോഗത്തിനു സ്വർണക്കടത്തു ലോബിയെ പ്രേരിപ്പിക്കുന്നത്.
ഇന്ത്യയിലേക്കു കടന്നാൽ ഏത് എയർപോർട്ടിലായാലും ഇയാളെ അറസ്റ്റ് ചെയ്യും. ഫൈസലിന്റെ കൈപ്പമംഗലത്തെ വീട്ടിൽ എൻഐഎ സംഘം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു നോട്ടീസ് പതിച്ചിരുന്നു. യുഎഇയിൽനിന്നു ഫൈസലിനെ വേഗം ഇന്ത്യയിലെത്തിക്കുമെന്നാണ് എൻഐഎ കണക്കുകൂട്ടിയിരുന്നത്.
എന്നാൽ, അതാണിപ്പോൾ പാളിയത്. വ്യാജസീലുണ്ടാക്കിയതടക്കം ചില കേസുകൾ യുഎഇയിൽ ഫൈസലിനെതിരെയുണ്ട്. അവിടെ കേസുകളുള്ളപ്പോൾ ഇയാളെ ഇന്ത്യയിലേക്കു കൈമാറാൻ നിയമതടസമുണ്ടെന്നാണു സൂചന.
ഇതുതന്നെയാണ് ഫൈസൽ മുതലാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഫൈസലിന്റെ ഈ നീക്കം മനസിലാക്കിയതുകൊണ്ടുതന്നെയാണ് യുഎഇയിലേക്കു പോകാൻ എൻഐഎ പദ്ധതിയിടുന്നത്. എന്നാൽ, ഇതിനും നിയമ തടസങ്ങളുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.