കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി തൃശൂര്‍ കയ്പമംഗലം പുത്തന്‍പള്ളി സ്വദേശി ഫൈസല്‍ ഫരീദിനായി ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
എന്‍ഐഎയുടെ അഭ്യര്‍ഥന പ്രകാരമാണ് നോട്ടീസ്. ഒളിവില്‍ കഴിയുന്ന ഇയാള്‍ ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. ഇയാള്‍ക്കെതിരേ കഴിഞ്ഞദിവസം എന്‍ഐഎ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നയതതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്തിന്റെ പ്രധാനകണ്ണി ഫൈസലാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യുഎഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷം ഫൈസല്‍ ഫരീദ് ഒളിവില്‍ പോയി.
ഇതിനിടെ ഫൈസലിന്റെ തൃശൂരിലുള്ള വീട്ടില്‍ കസ്റ്റംസ് അധികൃതര്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ഈ ബാങ്കുകളില്‍ കസ്റ്റംസ് ഇന്ന് പരിശോധന നടത്തും.
കഴിഞ്ഞ ഒന്നരവര്‍ഷമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് കസ്റ്റംസ് എത്തി പരിശോധന നടത്തിയത്. അതേസമയം നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന കേസിലെ രണ്ടാം പ്രതി പെരുന്തല്‍മണ്ണ സ്വദേശി റെമീസിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കുമെന്നാണ് വിവരം.
ഇന്നലെ എന്‍ഐഎ കസ്റ്റഡിയില്‍ ലഭിച്ച കേസിലെ ഒന്നാം പ്രതി സരിത്തും മറ്റു പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ എന്‍ഐഎ തുടരുകയാണ്. ഇവരില്‍നിന്നും സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന.