കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് മലയാള സിനിമകള്‍ക്കായി പണമിറക്കിയിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു.
ഇതുസംബന്ധിച്ച് സിനിമാ രംഗത്തെ പലരില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ തേടിയിട്ടുണ്ട്. നാല് മലയാള സിനിമകള്‍ക്കായി ഫൈസല്‍ ഫരീദ് പണമിറക്കിയിട്ടുണ്ടെന്നാണ് വിവരം.
ഒരു മുതിര്‍ന്ന സംവിധായകന്റെയും പുതുതലമുറ സംവിധായകന്റെയും ചിത്രങ്ങള്‍ ഇതില്‍പ്പെടും. കൂടാതെ ഒരു മലയാള ചിത്രത്തില്‍ ഫൈസല്‍ ഫരീദ് അഭിനയിച്ചിട്ടുള്ളതായും വിവരങ്ങള്‍ പുറത്തു വന്നിരുന്നു.
കൂടാതെ തെലുങ്ക് ചിത്രങ്ങളുടെ വിതരണവും ഏറ്റെടുത്തിരുന്നു. എന്നാല്‍ ഒന്നിലും ഫൈസലിന്റെ പേര് വന്നിട്ടില്ല. അടുത്ത സുഹൃത്തുക്കള്‍ വഴിയാണ് സിനിമാ നിര്‍മാണത്തിന് ഫൈസല്‍ പണമെത്തിച്ചിരുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തുമായി ചേര്‍ന്ന് ദുബായിയില്‍ ഫൈസല്‍ ബിസിനസ് നടത്തിയിരുന്നു. നിലവില്‍ ദുബായ് പോലീസ് കസ്റ്റഡിയിലുള്ള ഫൈസിനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് എന്‍ഐഎ.
ഫൈസലിനെ രണ്ടു ദിവസത്തിനകം തന്നെ നാട്ടിൽ എത്തിക്കുമെന്നാണ് സൂചന. ഇയാളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ സ്വര്‍ണം വിറ്റുകിട്ടുന്ന പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകൂ.
പാസ്പോര്‍ട്ട് റദ്ദാക്കി ഫൈസലിനെ കസ്റ്റഡിയിലെടുത്ത ദുബായ് പോലീസ് പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി.