മണ്ണാർക്കാട്: കവർച്ചാകേസിലെ പ്രതി 13 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. 2005 ൽ തച്ചനാട്ടുകര നാട്ടുകൽ അണ്ണാംതൊടിയിൽ വെച്ച് നാട്ടുകൽ സ്വദേശിയുടെ പണം കവർച്ച ചെയ്ത കേസിലെ പ്രതിയെയാണ് നാട്ടുകൽ പോലീസ് പിടികൂടിയത്.
താമരശ്ശേരി സ്വദേശി കൈതപ്പൂവിൽ കല്ലാടിക്കുന്ന് ഫൈസൽ(28) ആണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട പ്രതി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കോടതി ലോംഗ് പെന്റിങ്ങ് വാറണ്ട്പുറപ്പെടുവിക്കുകയും നാട്ടുകൽ പോലീസ്നടത്തിയ അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിക്കുകയും ചെയ്തിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രതിക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി വിദേശത്ത് നിന്നും നാട്ടിലെത്തിയ സമയം കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടുകൽ പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.
പാലക്കാട് ജില്ലാ അഡീഷണൽ സെഷൻ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡു ചെയ്തു. സിപിഒ മാരായ കെ. ഷിബു, കെ. സുജിത്നായർ, ഷിബു കൊറ്റാമൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.