മഞ്ചേരി: കൊടിഞ്ഞി ഫാറൂഖ് നഗർ പുല്ലാണി ഫൈസൽ വധക്കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്നു പ്രതികൾക്ക് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ മുഖ്യസൂത്രധാരനും ആർഎസ്എസ് തിരൂർ താലൂക്ക് കാര്യവാഹകുമായ തിരൂർ തൃക്കണ്ടിയൂർ മഠത്തിൽ പടിഞ്ഞാറ്റകത്ത് നാരായണ മൂസത് (47), തിരൂർ തൃപ്രങ്ങോട് പൊയിലിശേരി കുണ്ടിൽ ബിബിൻ (24), വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി വള്ളിക്കുന്ന് അത്താണിക്കൽ കോട്ടാശേരി ജയകുമാർ (48) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യം. പാസ്പോർട്ട് സറണ്ടർ ചെയ്യണം. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ജില്ലാ പോലീസ് മേധാവിയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ ജില്ല വിട്ടുപോകാൻ പാടില്ല. ജാമ്യക്കാർ വസ്തുവിന്റെ ആധാരം കോടതിയിൽ ഹാജരാക്കണം. എന്നിങ്ങനെയാണ് ഉപാധികൾ. നവംബർ 19ന് പുലർച്ചെ അഞ്ചു മണിക്കാണ് കേസിനാസ്പദമായ സംഭവം.
താനൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഭാര്യയുടെ മാതാപിതാക്കളെ കൊണ്ടുവരാനായി ഫൈസൽ സ്വന്തം ഓട്ടോയിൽ പോകുകയായിരുന്നു. പ്രതികൾ പിന്തുടരുന്നുവെന്ന് മനസിലാക്കിയ ഫൈസൽ ഫറൂഖ് നഗറിൽ ഓട്ടോ നിർത്തി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും രണ്ടു ബൈക്കുകളിൽ എത്തിയ പ്രതികൾ കത്തി കൊണ്ടു കുത്തിയും വടിവാൾ കൊണ്ടു വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
ആർഎസ്എസിന്റെ സജീവ പ്രവർത്തകരായ ബിപിൻദാസ്, കളക്കൽ പ്രജീഷ് എന്ന ബാബു, തടത്തിൽ സുധീഷ്കുമാർ എന്ന കുട്ടാപ്പു, പല്ലാട്ട് ശ്രീകേഷ് എന്ന അപ്പു എന്നിവർ കൊലപ്പെടുത്തിയെന്നും മറ്റു പ്രതികൾ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. മതം മാറിയതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണം. സംഘപരിവാർ നേതാക്കളും പ്രവർത്തകരുമായ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.