സ്വന്തം ലേഖകന്‍
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ദുബായിലുള്ള മുഖ്യപ്രതി ഫൈസല്‍ ഫരീദിന് ഉന്നത ബന്ധം.
ഭരണസിരാകേന്ദ്രങ്ങളിലുള്പ്പെടെ പ്രമുഖരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാൻ നിയമപരമായ തടസങ്ങള്‍ നിലനില്‍ക്കുന്നതെന്നാണ് എന്‍ഐഎ അന്വേഷണ സംഘം പറയുന്നത്.
ദുബായിലെ ജയിലിലാണെന്നായിരുന്നു എന്‍ഐഎ ഇതുവരെയും കരുതിയത്. എന്നാല്‍, ഇക്കാര്യത്തില്‍ ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്.
ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടന്നിരുന്നതെന്നും ഫൈസല്‍ ഒളിവിലാണെന്നുമാണ് എന്‍ഐഎ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ഇതേത്തുടര്‍ന്നാണ് ഉന്നതബന്ധം ഫൈസലിന് സംരക്ഷണം ഒരുക്കുന്നതായാണ് എന്‍ഐഎ കരുതുന്നത്. ദുബായിലെ തുറമുഖങ്ങളില്‍ ഫൈസലുമായി അടുപ്പമുള്ള ഒട്ടേറെ പ്രമുഖര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിവരം കിട്ടി പക്ഷേ,
അനധികൃതമായുള്ള കയറ്റുമതിക്കും ഇറക്കുമതിക്കുമെല്ലാം ഇവരുടെ സഹായം ഫൈസലുള്പ്പെടെയുള്ളവര്ക്ക് ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സഹായത്തിന് പല പ്രത്യുപകാരങ്ങളും ചെയ്യുന്നുണ്ട്.
ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ നിശ്ചിത ശതമാനം പല ഉന്നതര്‍ക്കും നല്‍കുന്നതായാണ് എന്‍ഐഎക്ക് ലഭിച്ച വിവരം.
നിരവധി മലയാളികള്‍ ഉന്നതബന്ധം മറയാക്കി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പിടികൂടിയാല്‍ രക്ഷപ്പെടുത്താന്‍ ദുബായിലെ ഈ ഉന്നതര്‍ സജീവമായി ഇടപെടാറുണ്ടെന്നുമാണ് എന്‍ഐഎയ്ക്ക് ലഭിച്ച വിവരം.
ഫൈസല്‍ ഫരീദിനെ സംരക്ഷിക്കുന്നതും ഇതേ ശൃംഖലയില്പെട്ടവരാണ്. അതേസമയം ഏതു വിധേനയും ഫൈസലിനെ നാട്ടിലെത്തിക്കാനും എന്‍ഐഎ ശ്രമിക്കുന്നുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം വഴിയും വിദേശകാര്യ മന്ത്രാലയം വഴിയും നിയമപരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് എന്‍ഐഎ അന്വേഷണസംഘം അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.എന്‍ഐഎ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തെളിവുകള്‍ തീവ്രവാദക്കുറ്റം ചുമത്താന്‍ പോന്നതല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ഇത് എന്‍ഐഎയുടെ ഇമേജിനെ തന്നെ ബാധിക്കുന്നതാണ്. ഫോണുള്‍പ്പെടെയുള്ള ഡിജിറ്റില്‍ തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചതിലൂടെ പല നിര്‍ണായക വിവരങ്ങളും ശേഖരിക്കാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്.
ഫൈസൽ ഇല്ലാതെ
തീവ്രവാദ ബന്ധം തെളിയിക്കണമെങ്കില്‍ മുഖ്യ സൂത്രധാരന്‍ ഫൈസല്‍ ഫരീദ് അടക്കമുള്ളവരെ ഇന്ത്യയിലെത്തിക്കണം. ഒപ്പം യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുകയും വേണം.
ഫൈസല്‍ ഫരീദിലൂടെ തീവ്രവാദ ബന്ധത്തിന് തെളിവ് കണ്ടെത്തിയാല്‍ എന്‍ഐഎക്ക് മുകളിലുള്ള കളങ്കം തീര്‍ക്കാനാവുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ചില വിവരങ്ങള്‍ റബിന്‍സില്‍ നിന്നും ലഭിച്ചിരുന്നു.
എന്നാല്‍ അത് സ്ഥിരീകരിക്കാന്‍ ഫൈസല്‍ ഫരീദിനെ കിട്ടണം. കോഴിക്കോട് സ്വദേശികളായ പ്രതികള്‍ക്കുള്ള ബന്ധവും ഇതുവഴി തെളിയിക്കേണ്ടതുണ്ട്.
ഫൈസല്‍ ഫരീദ് തൃശൂര്‍ കയ്പമംഗലം സ്വദേശിയാണ് . കഴിഞ്ഞ വര്‍ഷം ജൂലായ് ആറിന് കസ്റ്റംസും പത്തിന് എന്‍ഐഎയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഫൈസല്‍ പ്രതിയാണ്.
പേര് പുറത്തുവന്നപ്പോള്‍ ദുബായില്‍ മാധ്യമങ്ങള്ക്കപമുന്നില് പ്രത്യക്ഷപ്പെട്ട് ആരോപണം നിഷേധിച്ച ഫൈസല്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.
അന്വേഷണം തുടങ്ങിയ ഉടന്‍തന്നെ കൊച്ചി എന്‍ഐഎ കോടതി ഫൈസലിനെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കസ്റ്റംസിന്റെ അപേക്ഷ പ്രകാരം പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും എന്‍ഐഎയുടെ ആവശ്യപ്രകാരം ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു.
ഇതിനുപിന്നാലെ കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും കണ്ടെത്താനുമുള്ള നടപടിയുടെ ഭാഗമായി എന്‍ഐഎ, ഇന്റര്‍പോളിനോട് ബ്ലൂകോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഒടുവില്‍ ജൂലായ് 19ന് ദുബായ് പോലീസ് ഫൈസല്‍ ഫരീദിനെ കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്നാണ് പറഞ്ഞിരുന്നത്.