ജോണ്സണ് വേങ്ങത്തടം
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചെങ്കിലും അദേഹത്തിന്റെ മൊഴിയുടെ പിന്നാലെയുള്ള കസ്റ്റംസിന്റെയും എന്‍ഐഎയുടെ അന്വേഷണം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടക്കുമെന്നു സൂചന.
ഫൈസലിന്റെ ഫോണ്‍വിളികളില്‍ നിറയുന്നതു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഒരു ഉന്നതനിലേക്കാണ്. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴേ കാരാട്ട് ഫൈസല്‍ അസ്വസ്ഥനായിരുന്നുവെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം.
കാരാട്ടിന്റെ മൊഴികള്‍ വമ്പന്മാരിലേക്കുള്ള അന്വേഷണത്തിനാണ് അവസരമൊരുക്കിയിരിക്കുന്നത്. എന്‍ഐഎയും കസ്റ്റംസും അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ കഴിയവേ
തന്നെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കാരാട്ട് ഫൈസല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനുമായി കൂടിക്കാഴ്ച നടത്തുന്നതെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചവിവരം.
കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ബന്ധപ്പെട്ടിരിക്കുന്നതു മുഴുവന്‍ ഭരണസിരാ കേന്ദ്രത്തിലുള്ളവരുമായിട്ടാണ്. ഇവരെയെല്ലാം വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ കസ്റ്റംസും എന്‍ഐഎയും തയാറെടുക്കുകയാണ്.
കഴിഞ്ഞ ദിവസം 24 മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് കസ്റ്റംസ് കാരാട്ട് ഫൈസലിനെ വിട്ടയച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും വരണമെന്നാണ് നിര്‍ദേശം. കസ്റ്റംസ് ചോദ്യം ചെയ്യുമ്പോള്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു.
എന്നാല്‍ ചോദ്യം ചെയ്തില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായിട്ടുള്ള കാരാട്ട് ഫൈസലിന്റെ ബന്ധം വ്യക്തമാണ്. പ്രതികളായ കെ.ടി. റമീസുമായിട്ടുള്ള ബന്ധവും കസ്റ്റംസിനു ലഭിച്ചിരുന്നു. കൂടാതെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയും ഫൈസലിനു എതിരാണ്. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വര്‍ണം വില്ക്കാന് സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസ് കണ്ടെത്തിയത്.
സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്റെ പങ്ക് സംബന്ധിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിനു കിട്ടിയിരുന്നു. ഫൈസല്‍ പലതവണ സന്ദീപിനെ കാണാന്‍ തിരുവനന്തപുരത്ത് വന്നെന്നും ചര്‍ച്ചകള്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് നടത്തിയെന്നുമായിരുന്നു മൊഴി. കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളില്‍ പ്രമുഖനാണ് കാരാട്ട് ഫൈസല്‍. കൊടുവള്ളിയിലെ ലീഗ് കോട്ട തകര്‍ത്ത പിടിഎ റഹീമിന്റെ അടുത്ത അനുയായിയും ബന്ധുവും കൂടിയാണ് ഇദേഹം. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗണ്‍വാര്‍ഡിലെ കൗണ്‍സിലറാകും മുമ്പേ സ്വര്‍ണക്കടത്ത് കേസുകളില്‍ ഫൈസല്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.
കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത് 78 ദിവസത്തെ രഹസ്യനിരീക്ഷണത്തിനും തെളിവുശേഖരണത്തിനും ശേഷമായിരുന്നു. അതുകൊണ്ടുതന്നെ അന്വേഷണ സംഘം ഇപ്പോഴത്തെ മൊഴികള്‍ പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് സാധ്യത. കസ്റ്റംസും ദേശീയ അന്വേഷണ ഏജന്‍സിയും അറസ്റ്റ് ചെയ്ത കെ.ടി. റമീസ്, സന്ദീപ് നായര്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിനിടയില്‍ ജൂലൈ 15നാണു കേസില്‍ കാരാട്ട് ഫൈസലിന്റെ പങ്കാളിത്തത്തെക്കുറിച്ച് ആദ്യ സൂചന ലഭിച്ചത്. പ്രതികളുടെ ബന്ധുക്കളുടെ മൊഴികളിലും ഫൈസലുമായി ഇവര്‍ക്കുള്ള ബന്ധത്തിന്റെ സൂചനകളുണ്ടായിരുന്നു.