കോഴിക്കോട്: തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ഇടതുമുന്നണി കൗണ്‍സിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇന്ന് പുലർച്ചെ നാലോടെ ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടു പോകും.
കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് കൊച്ചിയിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പരിശോധന നടത്തിയത്.
കൊടുവള്ളി എംഎൽഎ പിടിഎ റഹീം അധ്യക്ഷനായ പാർട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസൽ. ഈ പാർട്ടി ഇപ്പോൾ ഐഎൻഎല്ലിൽ ലയിച്ചിട്ടുണ്ട്.