തലശേരി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസിൽ പ്രധാനിയെന്നു കരുതുന്ന തൃശൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദിനെ എൻഐഎ സംഘം ദുബായിൽ ചോദ്യംചെയ്തു.
ദുബായിയിലെത്തിയ എൻഐഎ സംഘം ദുബായ് പോലീസിന്റെ സഹകരണത്തോടെ രണ്ട് തവണ മണിക്കൂറുകളേക്കും ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിട്ടുള്ളത്. ഇയാളിൽനിന്നു കളളക്കടത്ത് സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടു നടന്ന പല കാര്യങ്ങളും ഇയാൾ തുറന്നു പറഞ്ഞെന്നാണ് സൂചന. എന്നാൽ, ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തതു സംബന്ധിച്ചു സ്ഥിരീകരണം ലഭിച്ചെങ്കിലും ദുബായിയിലെ മലയാള മാധ്യമങ്ങളൊന്നും ഇതുവരെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു ദുബായിയിൽനിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.
ഫൈസൽ ഫരീദിനെ ദുബായ് പോലീസിന്റെ പൂർണ സഹകരണത്തോടെയാണ് അന്വഷണ സംഘം ചോദ്യം ചെയ്തത്. ദുബായ് പോലീസിലെ മലയാളി സിഐഡികളിൽനിന്നും അന്വഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഫൈസൽ ഫരീദ് ദുബായ് പോലീസിന്റെ കസ്റ്റഡിയിൽ ഏകാന്ത തടവിലാണെന്ന വിവരവും ദുബായിയിലെ മലയാളികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്.
ഫൈസൽ ഫരീദുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അതിസമ്പന്നരായ ചില പ്രവാസികളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണുള്ളത്. കേസിന്റെ ആദ്യ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഫൈസൽ ഫരീദിനെ ദുബായിയിലെ അൽ റാഷിദിയയിൽ നിന്നാണ് ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് ഇയാളെക്കുറിച്ചു കാര്യമായ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഇതിനിടയിൽ മൂന്ന് ഏജൻസികളുടെ അന്വേഷണം ദ്രുതഗതിയിൽ നടക്കുമ്പോൾ ഫൈസൻ ഫരീദ് ദുബായിൽ അന്വഷണ സംഘത്തിനു നൽകിയ മൊഴികൾ കേസിൽ നിർണായക തെളിവുകളാകുമെന്നാണ് സൂചന.
പാഴ്സലിന്റെ മറവിൽ സ്വർണക്കടത്തിനു ചുക്കാൻ പിടിച്ച ഫൈസൽ ഫരീദിനു പിന്നിൽ മാഹി സ്വദേശിയായ അതിസമ്പന്നൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ കരങ്ങളുള്ളതായാണ് സൂചന.
ഫൈസൽ ഫരീദിനോടൊപ്പം ഇയാൾ ദുബായ് കറാമയിലെ പ്രമുഖ ഹോട്ടലിൽ നിത്യ സന്ദർശകനായിരുന്നുവെന്ന വിവരവും അന്വഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.