ഗുജറാത്തിൽ ക്രൈസ്തവ വിരുദ്ധ പ്രചരണങ്ങൾ നടക്കുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യാജ സന്ദേശം പ്രചരിച്ചതിൽ ദുരൂഹത. യേശുവിന്റെയും മാതാവിന്റെയും ചിത്രമുള്ള ചെരിപ്പുകൾ സൗജന്യമായി ഗുജറാത്തിൽ വിതരണം ചെയ്യുന്നുവെന്ന പ്രചരണമായിരുന്നു നവമാധ്യമങ്ങളിൽ പ്രത്യക്ഷപെട്ടത്. ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന അഭ്യർഥനയോടെയായിരുന്നു വ്യാജപ്രചരണങ്ങൾ മുഴുവൻ.
സംഭവത്തിനു പിന്നിലെ സ്ഥാപിത താത്പര്യം മനസിലാക്കാതെ പലരും ചിത്രങ്ങൾ ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റർ തുടങ്ങിയ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. മതസ്പർധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരോ ബോധപൂർവം ചെയ്ത കാര്യമാണിതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇക്കാര്യം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഗുജറാത്തിൽ ഇത്തരമൊരു കാര്യം നടക്കുന്നുവെന്ന പ്രചരണത്തിനു പിന്നിലെ തലച്ചോർ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂലൈയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ വ്യാപകമായി പ്രചരിച്ച ചെരിപ്പുകളുടെ ചിത്രം വച്ചാണ് ഗുജറാത്തിനെതിരേ കള്ള പ്രചരണം നടന്നത്. തായ്ലൻഡിലും സമാനമായ രീതിയിലുള്ള ചെരിപ്പുകൾ വിൽപ്പനയ്ക്ക് വന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാണ് ഗുജറാത്തിന്റെ പേരിൽ സ്ഥാപിത താത്പര്യക്കാർ പ്രചരിപ്പിച്ചത്.
മധ്യപ്രദേശിൽ ക്രൈസ്തവ ദേവലയത്തിൽ പോയ പെണ്‍കുട്ടിയെ ഒരുകൂട്ടം ആളുകൾ തെരുവിലിട്ട് മർദ്ദിച്ച് അവശയാക്കിയ ശേഷം തീകൊളുത്തി കൊന്നുവെന്ന വ്യാജ പ്രചരണവും നവമാധ്യമങ്ങളിൽ അടുത്തിടെയുണ്ടായിരുന്നു. പെണ്‍കുട്ടിയെ ഒരുകൂട്ടം ആളുകൾ പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പടെയാണ് ഇത് പ്രചരിച്ചത്. ലാറ്റിനമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ മോഷണക്കുറ്റം ആരോപിച്ച് ആളുകൾ പെണ്‍കുട്ടിയെ തെരുവിൽ കത്തിച്ച സംഭവത്തിലെ വീഡിയോയായിരുന്നു മധ്യപ്രദേശിനെതിരായ വ്യാജ പ്രചരണത്തിന് ഉപയോഗിച്ചതെന്ന് പിന്നീട് വ്യക്തമായി.