വാഹനാപകടങ്ങൾ വ്യാജമായി സൃഷ്ടിച്ച് ഡ്രൈവർമാരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന ഒരു വിരുതനെക്കുറിച്ചുള്ള വാർത്തയാണു ചൈനയിലെ ബെയ്ജിംഗിൽനിന്നു പുറത്തുവന്നിരിക്കുന്നത്. ഷാങ് എന്നാണു തട്ടിപ്പുകാരന്റെ പേര്. സൈക്കിളിലാണു കക്ഷിയുടെ യാത്ര. തിരക്കുള്ള സമയങ്ങളിൽ നഗരത്തിലേക്ക് സൈക്കിളുമായി ഇറങ്ങുന്ന ഇയാൾ ബോധപൂർവം കാറുകളിൽ ചെന്നു തട്ടി റോഡിൽ വീഴും.
നിലത്ത് വീണു കഴിഞ്ഞാൽ കാര്യമായ പരിക്ക് പറ്റിയെന്ന രീതിയിൽ വല്ലാത്ത അഭിനയമായിരിക്കും. കുറ്റം കാർ ഡ്രൈവറുടെ തലയിൽ കെട്ടിവയ്ക്കും. വഴങ്ങുന്നില്ലെന്നു കണ്ടാൽ കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി കണക്കു പറഞ്ഞ് പണം വാങ്ങും.
രണ്ടു മാസംകൊണ്ട് ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തത് 14,000 യുഎസ് ഡോളർ (11.65 ലക്ഷം രൂപ). പലനാൾ കട്ടാൽ ഒരുനാൾ കുടുങ്ങുമല്ലോ. ഒരു ദിവസംതന്നെ ഒരേ ഡ്രൈവർമാരെ ഒന്നിലധികം തവണ പറ്റിക്കാന്‍ ശ്രമിച്ചതോടെ ഇയാളുടെ കള്ളി പുറത്തായി. പോലീസിൽ പരാതിയും എത്തി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തട്ടിപ്പ് വ്യക്തമായി. പിന്നാലെ ഷാങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു.
ട്രാഫിക് ബ്ലോക്കിൽനിന്നു രക്ഷപ്പെടാനായി മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡുകളിലൂടെ വരുന്ന വാഹനങ്ങളെയാണ് ഇയാൾ കുടുക്കിലാക്കിയിരുന്നത്. അനധികൃതമായി വാഹനം ഓടിച്ചതുകൊണ്ടുതന്നെ ഡ്രൈവർമാർ ഇയാൾ ആവശ്യപ്പെടുന്ന പണം നൽകി തടിയൂരുകയായിരുന്നു പതിവ്. ബെയ്ജിംഗ് ടിവി ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.