കണ്ണൂർ: ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമക്കുരുക്കിൽ അകപ്പെട്ട തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റവിമുക്തനാക്കി. ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ചു ഷാർജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ചു നീതി ന്യായ മന്ത്രാലയം നൽകിയ പരാതിയിൽ യാബ് ലീഗൽ സർവീസസ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സജേഷിന് അനുകൂല വിധി ലഭിച്ചത്.
2024 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് തന്റെ നാട്ടിലുള്ള സുഹൃത്ത് വഴി 1998ലെ ഡിഗ്രി സർട്ടിഫിക്കറ്റ് 2010ൽ നാട്ടിൽ വച്ച് അറ്റസ്റ്റ് ചെയ്യുകയും ശേഷം 14 വർഷങ്ങൾക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഷാർജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ അറ്റസ്റ്റേഷന് സമർപ്പിക്കുകയും ചെയ്തു.
തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധിച്ച അധികൃതർ അതിൽ പതിച്ചിരിക്കുന്ന ഡൽഹിയിലെ യുഎഇ എംബസിയുടെ സീൽ വ്യാജമാണെന്ന് കണ്ടെത്തി സജേഷിനെ ഷാർജ പോലീസിന് കൈമാറി അറസ്റ്റ് ചെയ്തു ജ്യാമത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.തുടർന്ന് പ്രതിസന്ധിയിലായ സജേഷ് കുടുംബസമ്മേതം യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു.
യാബ് ലീഗൽ സർവീസസിലെ അഭിഭാഷകന്റെ വാദവും മെമ്മോറാണ്ടം ഉൾപ്പടെയുള്ള രേഖകളും പരിശോധിച്ച ഷാർജ കോടതി സജേഷ് മനഃപൂർവം കുറ്റം ചെയ്തു എന്ന് തെളിയിക്കുന്ന മതിയായ രേഖകളുടെ അഭാവ ത്തിൽ കുറ്റവിമുക്തനാക്കുകയായിരുന്നു.
സംശയാസ്പദമായ രീതിയിൽ ഉപയോഗിച്ചതിനാൽ ഡിഗ്രി സർട്ടിഫിക്കറ്റ് കണ്ടുകെട്ടാനും കോടതി നിർദേശിച്ചു.