തൊടുപുഴ: കാൻസർ രോഗിയെന്ന വ്യാജേന പണപ്പിരിവു നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ ബിജു (45) വിനെയാണ് ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
താൻ കാൻസർ രോഗിയാണെന്ന തരത്തിൽ വ്യാജ സന്ദേശം വാട്സ് ആപ്പ് ഗ്രുപ്പുകൾവഴി പ്രചരിപ്പിച്ചായിരുന്നു ഇയാൾ പണം പിരിച്ചിരുന്നത്. സഹപാഠികളിൽനിന്നും അധ്യാപകരിൽനിന്നും പത്തര ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയതായി പോലീസ് പറഞ്ഞു.
പാലയിലെ കോളേജിൽ മുന്പ് പഠിച്ചിരുന്ന ഇയാൾ ബാച്ചിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നു. ഒരു ദിവസം താൻ അർബുദബാധിതനാണെന്നു കാണിച്ച് ഗ്രൂപ്പിൽ ഒരു മെസേജ് അയച്ചു.
തുടർന്ന് അമ്മാവനെന്ന് പരിചയപ്പെടുത്തി പ്രായമുള്ള ഒരാൾ ഗ്രൂപ്പംഗങ്ങളെ വിളിച്ച് ബിജു സാന്പത്തിക ബുദ്ധിമുട്ടിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് സഹപാഠികൾ ചികിത്സക്കായി പണം പിരിച്ചുതുടങ്ങി. പത്തര ലക്ഷത്തോളം രൂപ പിരിച്ചു നൽകി. ശബ്ദം മാറ്റുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇയാൾ തന്നെയായിരുന്നു സഹായം അഭ്യർഥിച്ചു വിളിച്ചത്.
തുടർന്ന് സഹോദരി എന്നു പരിചയപ്പെടുത്തി സ്ത്രീശബ്ദത്തിൽ ഇയാൾ അധ്യാപകരെ വിളിച്ച് സഹായം അഭ്യർഥിച്ചു. അവരും പണം പിരിച്ചു നൽകി. 15 ലക്ഷം രൂപയോളം ഇങ്ങനെ തട്ടിച്ചുവെന്നാണ് പോലീസ് പറയുന്നത്.
തമിഴ്നാട്ടിലെ ഒരു ആശുപത്രിയിലെ ചികിത്സാ രേഖകളും ഇയാൾ വ്യാജമായി ചമച്ച് വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ടിരുന്നു.തുടർചികിത്സക്കുവേണ്ടി പിന്നെയും ഇയാൾ സഹായം അഭ്യർഥിച്ചതോടെ ഗ്രൂപ്പംഗങ്ങൾക്ക് സംശയമായി.
തൊടുപുഴയിൽ ജോലിചെയ്യുന്ന ഒരാൾ ഇയാളെ ടൗണിൽ കണ്ടു. പുതിയ കാർ വാങ്ങിയതായും മനസിലായി. അപ്പോഴാണ് തട്ടിപ്പിന് ഇരയായ കാര്യം ഗ്രൂപ്പംഗങ്ങൾ അറിയുന്നത്.
തുടർന്ന് അന്പതോളംപേർ ചേർന്ന് തൊടുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകകയായിരുന്നു.ചേർത്തല സ്വദേശിയായ ഇയാൾ വിവാഹശേഷമാണ് മുളപ്പുറത്ത് എത്തിയത്. ഇയാളിൽനിന്നും രണ്ടു പേരിലുള്ള രണ്ട് ആധാർ കാർഡുകളും പോലീസ് പിടിച്ചെടുത്തു.