തമിഴ്നാട്ടില് നിന്നും വീണ്ടും വ്യാജബാങ്കിന്റെ വാര്ത്ത. വ്യാജ ബാങ്ക് ആരംഭിച്ച് വന്തട്ടിപ്പിനു പദ്ധതിയിട്ട യുവാവാണ് ഇപ്പോള് ചെന്നൈയില് അറസ്റ്റിലായത്.
ചെന്നൈ അമ്പത്തൂര് കേന്ദ്രമായി ‘ഗ്രാമീണ കാര്ഷിക സഹകരണ ബാങ്ക്’ എന്ന പേരില് വ്യാജ ബാങ്ക് നടത്തിയ ചന്ദ്രബോസാണ് (42) പിടിയിലായത്.
മറ്റൊരു ബാങ്കില് ഇയാള്ക്കുണ്ടായിരുന്ന 56 ലക്ഷം രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചു. ചെന്നൈയില് ആസ്ഥാനവും എട്ടിടങ്ങളില് ശാഖകളുമായിട്ടായിരുന്നു ബാങ്കിന്റെ തുടക്കം.
മധുര, സേലം, ഈറോഡ്, നാമക്കല്, കള്ളക്കുറിച്ചി, പെരമ്പല്ലൂര്, വിരുദാചലം, തിരുവണ്ണാമലൈ എന്നിവിടങ്ങളിലായിരുന്നു ശാഖകള് പ്രവര്ത്തിച്ചിരുന്നത്.
വന്തട്ടിപ്പ് നടത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് ബാങ്ക് ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. അനുമതിയില്ലാതെ ബാങ്ക് പ്രവര്ത്തിക്കുന്നതായി റിസര്വ് ബാങ്കില്നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് ചെന്നൈ സിറ്റി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
ചന്ദ്രബോസ് യു.കെ.യില്നിന്ന് എം.ബി.എ. പഠനം പൂര്ത്തിയാക്കിയെന്നാണ് പറയപ്പെടുന്നത്. പുതിയ ബാങ്ക് ആരംഭിക്കാന് റിസര്വ് ബാങ്കിന്റെ അനുമതി ലഭിച്ചതായി വ്യാജ രേഖയുണ്ടാക്കിയിരുന്നു.
വ്യാജ എ.ടി.എം. കാര്ഡടക്കം നല്കി കബളിപ്പിച്ച് ആളുകളെ അക്കൗണ്ടില് ചേര്ത്തു. 2000ത്തിലേറെ പേര് വ്യാജബാങ്കില് അക്കൗണ്ട് എടുത്തിരുന്നെന്നാണ് വിവരം.
സഹകരണബാങ്കിന്റെ പേരില് ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പ്രീപെയ്ഡ് കാര്ഡ് വാങ്ങി അതിലെ പേരും വിവരങ്ങളും തിരുത്തിയാണ് അക്കൗണ്ടുടമകള്ക്ക് നല്കിയത്.
രണ്ട് മുതല് ഏഴ് ലക്ഷം രൂപവരെ വാങ്ങിയാണ് ജീവനക്കാരെ നിയമിച്ചത്. ഇതേസമയം, അക്കൗണ്ട് തുടങ്ങിയവരില്നിന്ന് വളരെ ചെറിയ തുകമാത്രമാണ് സ്വീകരിച്ചിരുന്നത്.
പിന്നീട് വലിയ തട്ടിപ്പ് നടത്തുകയായിരുന്നു ലക്ഷ്യമെങ്കിലും അതിനുമുമ്പ് പോലീസിന്റെ പിടിയിലാവുകയായിരുന്നു.
സ്ഥിരനിക്ഷേപമടക്കം സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. സ്വര്ണ വായ്പ, വ്യക്തിഗതവായ്പ തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.
വലിയതോതില് പണം സമാഹരിച്ച ശേഷം വിദേശത്തേക്കു കടക്കാനായിരുന്നു ഇയാള് പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. കോടതിയില് ഹാജരാക്കിയ ചന്ദ്രബോസിനെ പിന്നീട് ജുഡീഷ്യല് കസ്റ്റഡിയില് റിമാന്ഡ് ചെയ്തു.