സ്വന്തം ലേഖകന്‍
പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന് വിട്ടതോടെ ബോംബ് ഭീഷണി മുഴക്കി ട്രെയിന്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച പഞ്ചാബ് സ്വദേശി ഷൊര്‍ണൂരില്‍ പിടിയില്‍.
ബോംബ് ഭീഷണിയുണ്ടായാല്‍ ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ പിടിച്ചിടുമെന്നും അപ്പോള്‍ ട്രെയിനില്‍ കയറിപ്പറ്റാമെന്നും കരുതിയാണ് പഞ്ചാബ് സ്വദേശിയായ ജയ്സിംഗ് റാത്തര്‍ ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു പറഞ്ഞത്.
ഇന്നലെ അര്‍ധരാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. എറണാകുളത്തു നിന്നുമാണ് ജയ്സിംഗ് രാജധാനി എക്സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
എന്നാല്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന് വിട്ടിരുന്നു. ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്നതോടെ ജയ്സിംഗ് രാജധാനി എക്സ്പ്രസിന് ബോംബു വച്ചിട്ടുണ്ടെന്ന് ഫോണില്‍ വിളിച്ചു പറയുകയായിരുന്നു.
എറണാകുളം വിട്ട ട്രെയിന്‍ തൃശൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിടുമെന്നായിരുന്നു ജയ്സിംഗിന്റെ കണക്കുകൂട്ടലെങ്കിലും ട്രെയിന്‍ നിര്‍ത്തിയത് ഷൊര്‍ണൂരായിരുന്നു.
ഈ സമയമെല്ലാം ട്രെയിനില്‍ പരിശോധനകളും ഭീഷണി മുഴക്കിയ ആളെ കണ്ടെത്താന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനടക്കം തെരച്ചിലും ഊര്ജിതമായിരുന്നു.
ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ജയ്സിംഗ് കയറുമ്പോഴേക്കും പോലീസിന്റെ അന്വേഷണം ഇയാളിലേക്ക് എത്തിയിരുന്നു.
ഷൊര്‍ണൂരില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ വൈകാതെ ഇയാളെ ട്രെയ്നില്നിന്നുതന്നെ കസ്റ്റഡിയിലെടുത്തു.
ആരാണ് ബോംബ് ഭീഷണിക്ക് പിന്നിലെന്ന് പോലീസും ആര്‍പിഎഫും പരിശോധിക്കുന്നുണ്ടായിരുന്നു. ജയ്സിംഗിനെ ആര്‍പിഎഫിന്റെ കസ്റ്റഡിയില്‍ വിട്ടു.