കോട്ടയം: പാലായിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് വ്യാജ ഭീഷണിക്കത്ത് അയച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവിത്താനം പാമ്പാക്കൽ ജയിംസ് തോമസി (62) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ 11നു പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണ പൊതുസമ്മേളനം നടക്കാനിരുന്ന വേദിയിൽ തുടർച്ചയായ മൂന്ന് ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്നും നേതാക്കന്മാരെയും മറ്റ് ഉദ്യോഗസ്ഥരും ഈ സ്ഫോടനങ്ങളിൽ ഇരയാകും എന്നുമായിരുന്നു കത്തിൽ എഴുതിയിരുന്നത്.
കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നു ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് ചീഫ് കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഇയാളാണ് കോട്ടയം, കെഎസ്ആർടിസിയിലും പ്രസ് ക്ലബിലും ഭീഷണിക്കത്ത് ഇട്ടതെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇയാളെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്എച്ച് കെ.ആർ. പ്രശാന്ത് കുമാർ, എസ്ഐ മാരായ ടി. ശ്രീജിത്ത്, ജയകുമാർ, എസ്ഐ സജി ജോസഫ്, സിപി കെ.ജെ. വിപിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.