ന്യൂഡൽഹി: കോളജിൽ പോയ മക്കളെ പോലീസ് പിടിച്ചെന്ന് പറഞ്ഞ് ഒരു കോൾ വന്നാൽ ആരാണ് ഭയക്കാത്തത്. അതും മക്കളെ ഡൽഹിയിലേക്ക് പഠിക്കുവാനായി വിട്ട മലയാളികളായ രക്ഷിതാക്കൾ. ഡൽഹി പോലീസ് യൂണിഫോമിലുള്ളയാളുടെ പ്രൊഫൈൽ പടമുള്ള നമ്പരുകളിൽ നിന്നാണ് കോൾ വരുന്നത്. പീഡനക്കേസിൽ മകനെയോ സെക്സ് റാക്കറ്റിൽപ്പെട്ട് മകളെയോ പിടികൂടിയെന്നും കേസെടുക്കാതിരിക്കാൻ പണം നൽകണമെന്നുമാണ് ഭീഷണി.
എന്നാൽ ഇത്തരത്തിലുള്ള കോളുകൾ കേട്ട് പേടിക്കണ്ട ആവശ്യമില്ല. ഇത് ഡൽഹിയിൽ നിന്നുള്ള ഭീഷണികോളുകളാണ്. സമാനമായ രീതിയിൽ ഡൽഹി എയിംസ് ആശുപത്രി നഴ്സുമാരിൽ അഞ്ചുപേർക്ക് അവരുടെ മക്കൾ കേസിൽപ്പെട്ടന്ന് പറഞ്ഞ് ഭീഷണി കോളുകൾ വന്നിരുന്നു.
മകനെ ക്വട്ടേഷൻ സംഘത്തിന്റെ കൂടെ പിടികൂടി, അല്ലെങ്കിൽ പീഡനക്കേസിൽ പിടിയിലായി, മകളെങ്കിൽ സെക്സ് റാക്കറ്റിന്റെ കൂടെ പിടിയിലായി എന്നാണ് വാട്സ് ആപ്പ് കോളിലൂടെ തട്ടിപ്പുകാർ പറയുന്നത്. ഇതോടൊപ്പം ഫോണിലൂടെ ആൺകുട്ടിയോ പെൺകുട്ടിയോ കരയുന്ന ശബ്ദവും ഇവർ കേൾപ്പിക്കും.
ഇതോടെ രക്ഷിതാക്കൾ പരിഭ്രാന്തിയിലാകും. പിന്നാലെ വിഷമിക്കണ്ടെന്നും പണം തന്നാൽ കേസിൽ നിന്ന് ഊരാമെന്നും ഇവർ പറയും. എന്നാൽ മക്കളുടെ നമ്പരിൽ വിളിച്ചവരുടെ പണം പോയില്ല. ചിലർ തട്ടിപ്പിന് ഇരയാവുകയും ചെയ്തു.
അതേസമയം തട്ടിപ്പുകാർക്ക് എവിടെനിന്ന് മൊബൈൽ നമ്പർ ലഭിച്ചെന്നും ഏതൊക്കെ സാങ്കേതികവിദ്യകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നതെന്നും തുടങ്ങിയുള്ള നിരവധി ചോദ്യങ്ങളാണ് ഉയർന്നുവന്നത്.