ഭോപ്പാൽ: കാമുകന്റെ പ്രേരണയിൽ മകൾ നൽകിയ വ്യാജബലാത്സംഗ പരാതിയിൽ നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 11 വർഷം. ഒടുവിൽ മധ്യപ്രദേശ് ഹൈക്കോടതി ഇയാളെ കഴിഞ്ഞ മാസം വെറുതെ വിട്ടു. പെൺകുട്ടി അച്ഛനെതിരെ 2012 -ലാണ് അന്നത്തെ കാമുകന്റെ നിർദേശപ്രകാരം വ്യാജപീഡന പരാതി നൽകിയത്.
മകളെ അച്ഛൻ നേരത്തെ കാമുകനൊപ്പം കണ്ടിരുന്നു. തുടർന്ന് ഇയാൾ ഇക്കാര്യം പറഞ്ഞ് മകളെ ശകാരിച്ചു. മകൾ ഇക്കാര്യം കാമുകനോടും പറഞ്ഞു. പിന്നാലെ അച്ഛനെതിരെ പീഡന പരാതി നൽകാൻ കാമുകൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. പരാതി നൽകിയാൽ അച്ഛൻ പിന്നെ തങ്ങളുടെ ബന്ധത്തിൽ ഇടപെടാനോ ശകാരിക്കാനോ വരില്ലെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പരാതി നൽകാൻ പ്രേരിപ്പിച്ചത്.
2012 മാർച്ച് 18 -ന് രാത്രി അത്താഴത്തിന് ശേഷം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. അന്ന് രാത്രി അമ്മ വീട്ടിലില്ലായിരുന്നു. സംഭവം അമ്മയടക്കം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് അച്ഛൻ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. മാർച്ച് 20 -ന് അച്ഛൻ വീണ്ടും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു. ആ സമയത്ത് താൻ ഓടിപ്പോയി മുത്തച്ഛനോട് കാര്യം പറയുകയായിരുന്നു. എന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്.
പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് അച്ഛൻ അറസ്റ്റ് ചെയ്യപ്പെടുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ വിധിക്കെതിരെ ഇയാൾ അപ്പീൽ നൽകി. മകളെ അച്ഛൻ പീഡിപ്പിച്ചു എന്ന് തെളിയിക്കാൻ കോടതിക്ക് സാധിച്ചില്ല. അവസാനം അച്ഛൻ പീഡിപ്പിച്ചിട്ടില്ല എന്നും തന്റെ കാമുകനുമായി മാത്രമാണ് തനിക്ക് ശാരീരികബന്ധം ഉണ്ടായിരുന്നത് എന്നും പെൺകുട്ടി തന്നെ പറയുകയായിരുന്നു. അച്ഛനെതിരെ പീഡന പരാതി നൽകിയത് കാമുകന്റെ നിർദേശപ്രകാരമാണെന്നും അവൾ സമ്മതിച്ചു.